Saturday, August 16, 2008

സര്‍‌വ്വീസ് സ്റ്റോറി....

"സത്യത്തില്‍ എന്താണു സംഭവിച്ചത്? ആത്മഹത്യ തന്നെയോ?"
പലരും പതിഞ്ഞ ശബ്ദത്തില്‍ പരസ്പരം ചോദിയ്ക്കുന്നുണ്ടായിരുന്നു. അവിടേയ്ക്ക് പുതുതായി വന്നു ചേരുന്നവരും , മുന്‍പേയുണ്ടായിരുന്നവരോട് വിശ്വസിയ്ക്കാനാകാത്തത് പോലെ ഇതേ സംശയം പങ്ക് വയ്ക്കുന്നു.
വെളുപ്പിനു പ്രകാശം പരക്കുന്നതിനു മുന്‍പേ ടെലഫോണ്‍ ശബ്ദിച്ച് തുടങ്ങിയപ്പോള്‍ തന്നെ സത്യത്തില്‍ ചങ്കൊന്നു കാളിയതാണു. എന്തെങ്കിലും ദുശ്ശകുന വാര്‍ത്തകള്‍ തന്നെയാകാതെ തരമില്ലല്ലോ ആ അസമയത്ത്. ഭാര്യ എന്നോട് വിവരം പറയുമ്പോള്‍ അവളുടെ മനസ്സിലും സംശയങ്ങള്‍ തന്നെയായിരുന്നു..ഇത്രയും സരസമായി സംസാരിയ്ക്കുന്ന, ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വാദ്യകരമാക്കി ജീവിച്ചിരുന്ന അദ്ദേഹം എന്തിനിത് ചെയ്യണം.
ഞാനൊന്നും പറഞ്ഞില്ല, അഥവാവ്യക്തമായിട്ട് പറയാന്‍ എന്റെ പക്കല്‍ മറുപടി ഒന്നുമുണ്ടായിരുന്നില്ല.
"എപ്പോഴായിരുന്നു..?"
ചോദ്യം കേട്ട ഭാഗത്തേയ്ക്ക് നോക്കി, തഹസ്സില്‍ദാരാണു.
"വെളുപ്പിനു മുറ്റമടിയ്ക്കാന്‍ വന്നവര്‍ നോക്കുമ്പോള്‍.....തൂങ്ങിനില്‍ക്കുകയായിരുന്നുവത്രെ.."
അവിടെ കൂടിനില്‍ക്കുന്നവരുടെ മുഖഭാവങ്ങളില്‍ നിന്ന് മാത്രമാണു അതൊരു അത്യാഹിതം സംഭവിച്ച വീടാണെന്നു മനസ്സിലാകുകയുള്ളൂ..അല്ലാതെ ബന്ധുജനങ്ങളുടെ നിലവിളിയോ, കൂട്ടക്കരച്ചിലുകളോ ഒന്നുമില്ല. ഒന്നു കണ്ണീരൊഴുക്കുവാന്‍ കൂടി ആരുമില്ലാത്ത അവസ്ഥ.
"രാമകൃഷ്ണന്‍ ഇന്നലെ വൈകിട്ട് റൂമില്‍ നിന്നിറങ്ങുമ്പോള്‍ കൂടി ഒന്നും പറഞ്ഞിരുന്നില്ല...ആകെ മൂഡിയായിരുന്നുവെന്ന് തോന്നി...എന്തെങ്കിലും പറഞ്ഞിരുന്നോ?" ക്വാര്‍ട്ടേഴ്സില്‍ രാമകൃഷ്ണനൊപ്പം താമസിച്ചിരുന്നയാളാണു..ഫിലിപ്പ് എന്റെ മറുപടിയ്ക്ക് കാത്തു.
"ഇ..ല്ലാ..ഇല്ല..ഒന്നും ..പറഞ്ഞിരുന്നില്ല"
സത്യത്തില്‍ പറഞ്ഞിരുന്നില്ലേ?..ഉവ്വ്..ഏതാണ്ട് അരമണിക്കൂറോളം അയാല്‍ ഫോണില്‍ സംസാരിച്ചിരുന്നു.കൊച്ച് കുട്ടികളെപ്പോലെ ഏങ്ങലടിച്ച് കരഞ്ഞ് കൊണ്ടിരുന്ന രാമുവിനെ-അങ്ങനെ വിളിയ്ക്കാനുള്ള അവകാശം അയാള്‍ എനിയ്ക്ക് മാത്രമാണു തന്നിരുന്നത്- സമാശ്വസിയ്ക്കാന്‍ വാക്കുകളില്ലാതെ അവസാനം ഫോണ്‍ കട്ട് ചെയ്യാന്‍ പറയേണ്ടി വന്നു.
ഇനി വിളിയ്ക്കില്ലെന്ന് പറഞ്ഞ് കൊണ്ടായിരുന്നുവല്ലോ അയാള്‍ വച്ചത്...
എങ്കിലും ഇനിയൊരിയ്ക്കലും......എന്ന് പ്രതീക്ഷിച്ചിരുന്നില്ല..
കുഴിവെട്ടുകയും നിരപ്പാക്കുകയും ചെയ്ത് കൊണ്ടിരുന്ന പണിക്കാരെ നിയന്ത്രിയ്ക്കാന്‍ ഒരു പാട് പേര്‍.
രാമകൃഷ്ണനു ഇത്രയും ബന്ധുക്കളോ..? അല്ല,,കരപ്രമാണിമാരാണു..
നിയന്ത്രിയ്ക്കാന്‍ വീട്ടുകാരാരും ഇല്ല എന്നുണ്ടെങ്കില്‍ പ്രമാണിമാര്‍ക്ക് സ്വന്തം വലിപ്പം കാണിയ്ക്കാനുള്ള ഒരു തുറന്ന വേദിയാണല്ലോ മരിപ്പ് വീട്.
ഹൈന്ദവാചാരക്രിയകളില്‍ അഗ്രഗണ്യരാണെന്ന ഭാവമാണു കരയുള്ള തോര്‍ത്തുമുണ്ട് തോളത്തിട്ട് കൊണ്ട് നില്‍ക്കുന്ന ഓരോരുത്തരുടെയും മുഖത്ത്..ഒരു കാര്യത്തിനു തന്നെ പല നിര്‍ദ്ദേശങ്ങള്‍ കേട്ട് പണിക്കാരാകെ വശം കെടുന്നുണ്ടായിരുന്നു.
"ആരാപ്പോ ക്രിയകളൊക്കെ ചെയ്ക..?"
രാമകൃഷ്ണനു അടുത്ത ബന്ധുക്കളൊന്നുമില്ല എന്നറിയാവുന്നത് കൊണ്ടാകണം ക്ലര്‍ക്ക് സഹദേവന്‍ ഇങ്ങനെ ചോദിച്ചത്..
"അറിയില്ല..അകന്ന ബന്ധത്തിലാരെങ്കിലും...."
"ഇവിടെയൊരു സ്ത്രീ താമസമുണ്ടായിരുന്നില്ലെ?.."
"ഉവ്വ്..അവന്റെയൊരകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീ .. ഒരു പ്രായം ചെന്നവര്‍..അവര്‍ക്ക് കുറേ നാളായി അസുഖമായിരുന്നു.അവരുടെ മകള്‍ വന്ന് ഈയിടെ കൂട്ടിക്കൊണ്ട്പോയി..."
പ്രമാണിമാരുടെ ശബ്ദം അവിടെ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു..
"എപ്പോ കൊണ്ട് വരും.?" മറ്റൊരു സഹപ്രവര്‍ത്തകനാണു..
ഞാനാലോചിച്ചു..എല്ലാവരും എന്താണ്‍ എന്നോട് തന്നെ ചോദിയ്ക്കുന്നത്? ഞാനീ നാട്ടുകാരനാണോ? ഞാന്‍ രാമകൃഷ്ണന്റെ കാരണവസ്ഥാനത്താണോ?
അവരുടെ മുന്നില്‍ അത്ര പ്രകടമല്ലായിരുന്നുവെങ്കിലും ഞാനും അവനും തമ്മിലുള്ള ബന്ധം വളരെ സൂക്ഷ്മമായി അവര്‍ മനസ്സിലാക്കിയിരിയ്ക്കണം.
രാമകൃഷ്ണന്‍ എല്ലാവരോടും ഒരുപോലെ നല്ല രീതിയില്‍ പെരുമാറുമായിരുന്നു. എങ്കിലും എന്നോടുള്ള പെരുമാറ്റത്തില്‍ ഒരു പ്രത്യേക സ്നേഹ, ഭക്തി, ബഹുമാനങ്ങളൊക്കെ ഉണ്ടായിരുന്നു. ഒരു പക്ഷേ അവന്റെ വായനാ ശീലമായിരിയ്ക്കണം എന്നോടടുപ്പിച്ചത്..ഈ ഓഫീസില്‍ വര്‍ക്ക് ചെയ്യുന്നതിനുമുന്‍പ് ഇടുക്കിയില്‍ രാജാക്കാട്ട് എന്ന സ്ഥലത്ത് ഞങ്ങളൊന്നിച്ച് ജോലി ചെയ്തിരുന്നു..
പിന്നീട് പല കറക്കങ്ങളും കഴിഞ്ഞ് എന്റെ സ്വന്തം സ്ഥലത്തേയ്ക്ക് ട്രാന്‍സ്ഫര്‍ വാങ്ങിപ്പോരുമ്പോള്‍ അവന്‍ അവിടെയുമുണ്ടായിരുന്നു.
ഞാന്‍ ഓഫീസിലേക്ക് വരുന്നതിനു മുന്‍പ് തന്നെ എന്നെക്കുറിച്ച് ഒരു നല്ല വിവരണം തന്നെ അവന്‍ കൊടുത്തിരുന്നു. അവന്റെ വ്യക്തി വിവരണത്തിന്റെ പ്രത്യേകത കൊണ്ട് തന്നെയാണു ഞാന്‍ ഓഫീസിലേയ്ക്ക് കയറി വന്ന ആദ്യ ദിവസം സ്വയം പരിചയപ്പെടുത്താതെ തന്നെ മറ്റുള്ളവരെന്നെ തിരിച്ചറിഞ്ഞത്.
ഞാന്‍ വളരെയധികം നിരീക്ഷിച്ചിട്ടുണ്ട്. മറ്റൊരാളെ വിവരിയ്ക്കുന്നതില്‍ രാമകൃഷ്ണനുള്ള അപാരമായ പാടവം.ഒരാളെപറ്റി അവന്‍ പറഞ്ഞ്തുടങ്ങിയഅല്‍ അയാള്‍ കണ്മുന്നില്‍ വന്ന് നില്‍ക്കുന്നത് പോലെ തോന്നും. ഞാനെന്റെ ഈ അഭിപ്രായം അവനോടൊരിയ്ക്കല്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. അവന്റെ മറുപടി രസകരമായിരുന്നു. സാഹിത്യത്തില്‍ എം.ടി യെപ്പോലെ വ്യക്തിവിവരണം നടത്തുന്നതില്‍ വിജയിച്ചിട്ടുള്ള ഒരാളുണ്ടാവില്ല..അപ്പോളെം.ടി യുടെ കടുത്ത ആരാധകനായ താനെങ്ങനെ അങ്ങിനെയാകാതിരിയ്ക്കും എന്നാണവന്‍ തിരിച്ച് ചോദിച്ചത്..

"എപ്പോള്‍ കൊണ്ട് വരും...? അയാള്‍ ചോദ്യം ആവര്‍ത്തിയ്ക്കുകയാണു...
"ഉച്ച കഴിയണം...വരാന്‍..."
പറമ്പിന്റെ ഒരു മൂലയ്ക്കായി നിന്ന മാവിന്റെ കനത്ത ഒരു ശിഖരം വലിയ ശബ്ദത്തോടെ നിലം പതിച്ചു.
"എന്തേ അവനിങ്ങനെ ഒരു ബുദ്ധിമോശം കാണീച്ചെ...?"
ഞങ്ങളുടെ ഓഫീസിലെ തന്നെ ഏറ്റവും പ്രായം ചെന്ന മുരളീധരന്‍ പിള്ള സാറാണു ചോദിച്ചത്..
"അത്..അറിയില്ല..."
"അവനൊന്നും പറഞിരുന്നില്ലേ..?"
"ഏയ്,,ഇല്ല...പുള്ളിയുടെ സ്വകാര്യങ്ങളൊന്നും തിരക്കിയിരുന്നില്ല..."
ഒന്നു കൂടി എന്തോ ചോദിയ്ക്കാന്‍ ഒരുമ്പെട്ടിട്ട് അയാള്‍ പിന്തിരിഞ്ഞു...
പക്ഷെ അവന്‍ പറഞ്ഞിരുന്നു....അവന്റെ മോഹങ്ങളെയും മോഹ ഭംഗങ്ങളെയും..നീണ്ട കാത്തിരിപ്പിനെക്കുറിച്ചും അവന്‍ പറഞ്ഞിരുന്നു...മറ്റാരുമറിയരുതെന്ന നിബന്ധനയോടെ..എന്റെ ഭാര്യ പോലും...
പറഞ്ഞ് തുടങ്ങിയാല്‍ പിന്നെ അവനൊരുതരം ഭ്രാന്താണു.മനസ്സില്‍ വിലങ്ങിട്ട് നിര്‍ത്തിയിരിയ്ക്കുന്ന വികാരങ്ങളൊക്കെയും പുറത്ത് വരും..പിന്നീട് കരച്ചിലിന്റെ വക്കോളമെത്തും.പക്ഷേ വളരെപ്പെട്ടെന്ന് തന്നെ ചിരിയ്ക്കുന്ന മുഖം അവന്‍ വീണ്ടെടുക്കും...
അവനാദ്യമായി പറഞ്ഞ് തുടങ്ങിയത് ഇടുക്കിയില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുമ്പോഴായിരുന്നു. ഇടുക്കിയിലെ വികസനം കടന്നു ചെല്ലാത്ത സ്ഥലത്ത് സര്‍ക്കാര്‍ കെട്ടിയുണ്ടാക്കിയ ക്വാര്‍ട്ടേഴ്സില്‍ മരം പെയ്യുന്ന രാത്രികളില്‍ അവന്‍ മനസ്സിന്റെ കൂട്ടില്‍ താഴിട്ട് ഭദ്രമാക്കി വെച്ചിരിയ്ക്കുന്ന ജീവിത കഥ അവന്‍ അനാവരണം ചെയ്യുമായിരുന്നു.
"ഞാനൊരു കുട്ടിയെ സ്നേഹിച്ചിരുന്നു...അല്ല ഇപ്പോഴും സ്നേഹിയ്ക്കുന്നു...."
ഞാന്‍ നല്ലൊരു പ്രണയകഥ ആസ്വദിയ്ക്കുന്ന മട്ടില്‍ കേട്ടിരുന്നു...
"പക്ഷേ അവളിന്നൊരു ഭാര്യയാണു..." ഞാനൊന്നു ഞെട്ടി...
അവള്‍ സ്വസ്ഥമായാണു ജീവിച്ചിരുന്നതെങ്കില്‍ ഞാന്‍ സന്തോഷിച്ചേനെ....പക്ഷേ...."
അത് പറയുമ്പോള്‍ അവന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.
മഞ്ഞ്മൂടിക്കെട്ടിക്കിടക്കുന്ന അന്തരീക്ഷത്തിലൂടെ നിലാവ് ഒഴികിയിറങ്ങിയ രാത്രികളില്‍ അവന്‍ തന്റെ മനസ്സിലെ ഭാരങ്ങള്‍ എന്റെ മുന്നിലിറക്കി വെച്ചു. സത്യത്തില്‍ ഇത്ര അപരിചിതമായ ഒരു സാഹചര്യത്തില്‍ ഒരു ഉപദേഷ്ടാവാന്‍ കൂടി ഞാന്‍ അശക്തനായിരുന്നു.
വളരെ കുട്ടിക്കാലം തൊട്ടേ ഒരു കുട്ടിയെ സ്നേഹിയ്ക്കുകയും സാമ്പത്തികാസമത്വത്തിന്റെ പേരില്‍ നഷ്ടപ്പെടേണ്ടി വരികയും ചെയ്താവന്റെ അനുഭവങ്ങള്‍ ഞാനെന്ന നല്ല ശ്രോതാവിനു മുന്നില്‍ അനാവരണം ചെയ്യപ്പെടുകയായിരുന്നു.
പിന്നീടൊരിയ്ക്കല്‍ അവളുടെ അച്ഛന്‍ രാമുവിനെ കെട്ടിപ്പിടിച്ച് കണ്ണീരോടെ മാപപേക്ഷിച്ചുവത്രെ....കാരണം അവളുടെ ദാമ്പത്യജീവിതം തികച്ചും പരാജയമായിരുന്നു...
രാമകൃഷ്ണന്‍ അവിവാഹിതനായിരിയ്ക്കുന്നതിനെ കുറിച്ച് ഓഫീസില്‍ പലരും ചോദിയ്ക്കുമായിരുന്നു.ശുദ്ധമായ നര്‍മ്മത്തില്‍ പൊതിഞ്ഞ മറുപടി കൊണ്ട് അവന്‍ അവരെ തൃപ്തരാക്കും. പക്ഷേ അത് കഴിഞ്ഞ് അവന്‍ എന്റെ മുഖത്തേയ്ക്കൊന്നു നോക്കും..ആ നോട്ടത്തില്‍ കണ്ണീരിന്റെ നനവുണ്ടെന്ന് എനിയ്ക്ക് മനസ്സിലാകുമായിരുന്നു.

പിന്നീട് വളരെക്കാലം കഴിഞ്ഞ് പുതിയ ഓഫീസില്‍ വച്ച് കണ്ട് മുട്ടിയപ്പോഴേക്കും അവനാകെ മാറിയിരുന്നു..
നരയും കഷണ്ടിയും ഒരുമിച്ച് അതിക്രമിച്ച് കയ്യറിയ ശിരസ്സ്. രൂപത്തിലും ഭാവത്തിലുമൊക്കെ എന്നെക്കാള്‍ പ്രായക്കൂടുതല്‍ പറയും. എങ്കില്‍ പോലും മറ്റുള്ളവരുടെ മുന്നില്‍ സ്വന്തം സംഭാഷണ രീതി അടിയറ വെയ്ക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല.
ഇത്തവണ ഞാനവനോട് സ്വകാര്യമായിത്തിരക്കിയപ്പോള്‍ അവന്റെ കണ്ണുകളില്‍കൂടി നനവ് പടര്‍ന്നിറങ്ങി.
അലകള്‍ ഒടുങ്ങാത്ത കടല്‍ പോലെയാണവന്റെ ജീവിതമെന്ന് എനിയ്ക്ക് തോന്നിപ്പോയി.
അവന്റേതല്ലാത്ത അവന്റെ ജീവിത സഖിയെ അവളുടെ ഭര്‍ത്താവ് ഉപേക്ഷിച്ചുവത്രെ.
അവന്റെ ഏകാന്തജീവിതത്തില്‍ താങ്ങാകുവാനായിരുന്നില്ല ആ ഉപേക്ഷിയ്ക്കല്‍..
അവളുടെ തൊണ്ടയില്‍ വളര്‍ന്നു വന്ന മുഴയ്ക്ക് അര്‍ബുദത്തിന്റെ ലക്ഷണമാണെന്ന് ഡോക്റ്റര്‍മാര്‍ വിധിയെഴിതിയപ്പോള്‍ അവളുടെ ഭര്‍ത്താവ് ഉപേക്ഷിയ്ക്കുകയായിരുന്നുവത്രെ.
അവന്റെ ചികിത്സാചെലവുകള്‍ അവന്‍ ഏറ്റെടുക്കുകയായിരുന്നു..സധൈര്യം..
ഭിഷഗ്വരന്മാര്‍ പലരും പറഞ്ഞതാണു. ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരു സാഹചര്യം കയ്യെത്തും ദൂരത്ത് നിന്നും അകന്നു പോയിരിയ്ക്കുന്നുവെന്ന്. ഒരിയ്ക്കല്‍ അകപ്പെട്ട് പോയാല്‍ ജീവിതം മാത്രമല്ല.ആയുസ്സില്‍ സമ്പാദിച്ച്കൂട്ടിയതൊക്കെയും നഷ്ടപ്പെടുത്തുമെന്ന മുന്നറിയിപ്പിനു പക്ഷേ അവനെ പിന്‍‌തിരിപ്പിയ്ക്കാനായില്ല. അസുഖം ഭേദപ്പെട്ടാല്‍ അവളോടൊപ്പം ഒന്നിച്ച് ജീവിയ്ക്കുക എന്ന ഹൃദയത്തുടിപ്പ് മാത്രമായിരുന്നു അവന്റെയുള്ളില്‍..
"ഒരു പക്ഷേ രക്ഷപെട്ടാല്‍............" അതായിരുന്നു അവ്ന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് വെളിച്ചം.

ആ വെളിച്ചത്തില്‍ അവന്‍ സ്വയം ദഹിയ്ക്കുകയായിരുന്നു..
രാവിലെ ഇവിടേയ്ക്ക് വന്നപ്പോള്‍ ശിപായി സദാനന്ദന്‍ ചോദിച്ചതാണു..." സാറിനോട് രാമകൃഷ്ണന്‍ സാറ് കാശ് വല്ലതും വാങ്ങിയിരുന്നോ?"
വാങ്ങിയിരുന്നു..വല്ലതുമല്ല...പലതവണയായി..വലിയൊരു സംഖ്യതന്നെ..പക്ഷേ അവന്റെ ലക്‌ഷ്യത്തിനു മുന്നില്‍ അതൊരു വലിയ തുകയല്ലായിരുന്നു..
"ഇല്ല.. എന്തേ..?" എന്നേ മറുപടി പറയാന്‍ കഴിഞ്ഞുള്ളൂ...
"അല്ല..എന്റെ കയ്യില്‍ നിന്നും കുറച്ച് വാങ്ങിയിരുന്നു...എന്നോട് മാത്രമല്ല..മറ്റ് പലരോടും...അത് പോയി എന്നുള്ളത് കൊണ്ടല്ല സാറേ.....ഇത്രയും ചെലവ് അദ്ദേഹത്തെപോലൊരാള്‍ക്ക് വരാന്‍ ഒരു വഴിയുമില്ലായിരുന്നു..."
ശരിയാണു യാതൊരു ദുശ്ശീലങ്ങളൊന്നുമില്ലാത്ത അവനു പറയത്തക്കതായി അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ...പക്ഷേ ഉള്ളിന്റെയുള്ളില്‍ എടുക്കാന്‍ വയ്യാത്തത്ര ഭാരം ചുമക്കുന്ന ഒരാളാണു താനെന്ന് അവനെന്ന് അവന്‍ ആരോടും പങ്ക് വച്ചിരുന്നില്ല.
ഒരു പക്ഷേ എന്നോട് പലവട്ടം വാങ്ങിയിരുന്നത് കൊണ്ട് തുടര്‍ച്ചയായി ചോദിയ്ക്കാന്‍ മടിയുള്ളത് കൊണ്ടായിരിയ്ക്കാം അവന്‍ ഇടയ്ക്കിടെ മറ്റുള്ളവരില്‍ നിന്നും കടം വാങ്ങിയത്.
അവന്‍ ജീവിയ്ക്കുന്നത് പോലും അവളെ രക്ഷിയ്ക്കാന്‍ വേണ്ടിയാണെന്ന് അവന്‍ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.
ഇന്നലെ സത്യത്തില്‍ അവനെന്നോട് ഫോണിലൂടെ സംസാരിയ്ക്കുകയായിരുന്നില്ല, കരയുകയായിരുന്നു.. അവന്റെ ശബ്ദം ഗദ്ഗദത്തില്‍ പുറത്തേയ്ക്ക് വരാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
എങ്കിലും അവന്റെ പതറുന്ന ശബ്ദത്തിലൂടെ എനിയ്ക്ക് ഒരു കാര്യം മനസ്സിലായി...
അവള്‍ മരിച്ചിരിയ്ക്കുന്നു.............
അവന്റെ പ്രാര്‍ത്ഥനകള്‍ക്കും കടം വാങ്ങിയ മരുന്നുകള്‍ക്കും പിടികൊടുക്കാതെ മറ്റേതോ ഒരു ലോകത്തേയ്ക്ക് അവള്‍ യാത്രയായി.അവനെ തനിച്ചാക്കിക്കൊണ്ട്.
സത്യത്തില്‍ എന്റെ തൊണ്ടയും ഇടറുകയായിരുന്നു. ഞാനേറെ സ്നേഹിയ്ക്കുന്ന എന്റെ സ്നേഹിതനെ എങ്ങനെ സമാധാനിപ്പിയ്ക്കണമെന്നറിയാതെ ഞാന്‍ കുറേ നേരം റിസീവറും പിടിച്ചിരുന്ന് പോയി.
സമയം കുറെയേറെ കഴിഞ്ഞിട്ടും അവന്‍ കരയുക തന്നെയായിരുന്നു.
ഒന്നാശ്വസിയ്ക്കാന്‍ പോലും ആരും അടുത്തില്ലാത്തത് കൊണ്ടാകണം.
അവന്‍ തന്റെ ജീവിതം അവള്‍ക്കായി അര്‍പ്പിയ്ക്കുകയായിരുന്നു. രോഗ ശാന്തു വന്നതിനു ശേഷം ജീവിയ്ക്കേണ്ടതിനെ കുറിച്ച് അവനു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.
ഇരുള്‍ വീണു കിടക്കുന്ന വര്‍ഷകാലത്തിനു ശേഷം തെളിഞ്ഞ ആകാശത്തെ അവന്‍ സ്വപ്നം കണ്ടിരുന്നു.
അവന്‍ വേദനയോടെ എന്തൊക്കെയോ പുലമ്പിക്കൊണ്ടേയിരുന്നു...ഇനി ആശകളൊന്നുമില്ലാത്തവനെ പോലെ ഭ്രാന്ത് പറയുന്ന അവനോട് ഒടുവില്‍ ഞാന്‍ രാവിലെ അവിടേയ്ക്ക് വരാമെന്ന് അവനു വാക്കു കൊടുത്തിട്ടാണ്‍ ഫോണ്‍ കട്ട് ചെയ്തത് തന്നെ.
സത്യത്തില്‍ പോകാനൊന്നുമായിരുന്നില്ല, തല്‍ക്കാലത്തെക്ക് ഒരാശ്വാസത്തിനു അങ്ങനെ പറഞ്ഞെന്നേയുള്ളൂ...
പിന്നീറ്റ് ഓഫീസില്‍ വരുമ്പോള്‍ എന്തെങ്കിലും കാരണം പറയാമല്ലോ..
പക്ഷേ അവന്‍ പറഞ്ഞു..."ഇനി ഞാന്‍ വിളിയ്ക്കില്ല..സാറ് വരണം..രാവിലെ തന്നെ...വരണം..അല്ല വരും...."ഫോണ്‍ കട്ട് ചെയ്തപ്പോഴേക്കും അവന്റെ സംസാരം ഒരു ശൂന്യതയില്‍ ചെന്നവസാനിച്ചിരുന്നു.

"ദേ വന്നു......"
ആരോ വിളിച്ച് പറഞ്ഞത് എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി..
ഒരായിരം മോഹന പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായിരുന്ന രാമകൃഷ്ണനെന്ന അന്റെ ഉറ്റ ചങ്ങാതിയുടെ ചേതനയറ്റ ശരീരവും പേറി ആ ആംബുലന്‍സ് വരുമ്പോഴേക്കും അവനെ ഏറ്റ് വാങ്ങാന്‍ മാവിന്‍ വിറകുകള്‍ തയ്യാറായി കഴിഞ്ഞിരുന്നു.....

2 comments:

Diljith said...

ഇഷ്ടമായെടോ, മനസ്സിന് ഇത്തിരി വിങ്ങല്‍ ....

Ajesh Chandran BC said...

THanks Diljith...