Friday, December 31, 2010

നീലക്കണ്ണുകളുള്ള പാവക്കുട്ടി

എയര്‍ പോര്‍‌ട്ടില്‍ നിന്നും വരുന്ന വഴി വലിയ ആള്‍ക്കൂട്ടം കാരണം വണ്ടി ഒതുക്കേണ്ടി വന്നു...
വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ ചേട്ടന്‍ പറഞ്ഞതാണ്‌.."നീയിറങ്ങി നോക്കണ്ട..ആക്സിഡന്റാണ്‌..ബ്ലഡ് കണ്ടാല്‍ അറിയാമല്ലോ...ഞാന്‍ തന്നെ ചുമക്കേണ്ടി വരും..."
എന്നിട്ടും ഞാനിറങ്ങി.. എയര്‍ പോറ്ട്ടില്‍ നിന്നും പോയ ഒരു കാര്‍ തന്നെയാണത്.ഇടിച്ച ലോറിയും അടുത്ത് തന്നെ കിടപ്പുണ്ട്. "ഗള്‍ഫില്‍ നിന്ന് വന്നവന്‍ ഇവിടെ വച്ച് തന്നെ തീര്‍ന്നു..ബാക്കിയുള്ളവരെ പോലീസ് ജീപ്പിലാ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയത്..."ആരൊക്കെയോ അടക്കം പറയുന്നു...
പ്രവാസിയുടെ സമ്മാനപ്പൊതികള്‍ തകര്‍ന്ന കാറില്‍ ചിതറിക്കിടക്കുന്നു...
എന്റെ കണ്ണുകള്‍ അതിലൂടെ കടന്നു പോയി..കഷ്ടം..
പക്ഷേ.... അതിനിടയില്‍ തല നീട്ടി കണ്ണുകള്‍ തുറിച്ച് ഒരു വയലിന്‍ ..കൂടെ ഒരു പാവക്കുട്ടിയും....
എന്റെ കാഴ്ചകള്‍ മങ്ങി...പിറകിലേക്ക് വീഴുമ്പോള്‍ ആരെങ്കിലും താങ്ങിയോ എന്നറിയില്ല..കണ്ണുതുറക്കുമ്പോള്‍ കാറിലായിരുന്നു..
"ഞാനപ്പോഴേ പറഞ്ഞതല്ലേ അങ്ങോട്ട് പോകണ്ടാ എന്ന്.."
ചേട്ടന്റെ വക കുറ്റപ്പെടുത്തലുകള്‍ ...
എന്റെ കണ്ണുകള്‍ വീണ്ടും ഒരു ഉറക്കത്തിലേക്ക് വഴുതി വീഴവേ യാത്ര പുറപ്പെടും മുന്‍പ് ഞാന്‍ പരിചയപ്പെട്ട സുഹൃത്തിന്റെ വാക്കുകള്‍ എന്റെ കാതുകളിലേക്കൊഴുകിയെത്തി..
"ഞാന്‍ പോകുകയാണ്‌...ഇനി മടക്കമില്ല..."
"ഇത്ര പെട്ടെന്ന് മതിയായോ പ്രവാസം"
"അതല്ല ..എനിയ്ക്കിനി എന്റെ പെങ്ങള്‍ക്കും കുട്ടിയ്ക്കും വേണ്ടി ജീവിയ്ക്കണം...
ഈ മൊബൈലിലെ പടം കണ്ടോ ...ഇതാണവള്‍ ..ആമിക്കുട്ടി...
അവളുടെ അച്ചന്‍ മരിച്ചപ്പോള്‍ ഞാന്‍ നാട്ടില്‍ പോയതാണ്‌.പക്ഷേ അന്നവള്‍ കരഞ്ഞ് കണ്ടില്ല..
എന്നാല്‍ കഴിഞ്ഞ മാസം ഞാന്‍ വിളിയ്ക്കുമ്പോള്‍ അവള്‍ ഫോണിലൂടെ കരയുകയായിരുന്നു...
എനിയ്ക്ക് പേടിയാവ്വണു മാമാ..
സ്കൂളില്‍ പൂവാന്‍ പേടിയാവണൂ..ആള്‍ക്കാരെ കാണാന്‍ പേടിയാവണൂ..ഇരുട്ടിനെ പേടിയാവണൂ...
അവള്‍ കരഞ്ഞപ്പോള്‍ ഞാനും കരഞ്ഞു പോയി...
അന്ന് തീരുമാനിച്ചതാ..ഇനി ഞാന്‍ അവിടെ വേണമെന്ന്..
അവള്‍ക്കൊപ്പം..അവളുടെ അച്ചന്റെ സ്ഥാനത്ത്.....ഈ വയലിന്‍ കണ്ടോ..അവള്‍ക്കുള്ളതാ..
വളരെ ചെറുപ്പത്തിലേ അവള്‍ വയലിന്‍ പഠിയ്ക്കാന്‍ തുടങ്ങിയിരുന്നു...പിന്നെ ഈ പാവയും...
ഈ നീലക്കണ്ണുള്ള സുന്ദരിപ്പാവയെ അവള്‍ക്കെന്നും ഇഷ്ടമായിരുന്നു.... "
ഞാന്‍ മനസ്സില്‍ അയാളെ അഭിനന്ദിച്ചു ..അയാളെക്കാത്ത് ഉമ്മറത്ത് നില്‍ക്കുന്ന ആമിക്കുട്ടിയെ മനസ്സില്‍ സങ്കല്പ്പിച്ചു...

"വീണ്ടും ബോധം പോയോ...?"
അരികത്തിരിയ്ക്കുന്ന കസിനാണ്‌...
"ഇല്ല....ഒന്നുറങ്ങട്ടെ...."
വീണ്ടും അടഞ്ഞ് തുടങ്ങിയ കണ്ണുകളില്‍ ആമിക്കുട്ടി മിന്നിത്തെളിഞ്ഞു..ഒരു മാലാഖയെ പോലെ തൂവെള്ള വേഷവുമണിഞ്ഞ്...വീടിന്റെ ഇറയത്ത് വഴിക്കണ്ണുമായി കാത്തിരിയ്ക്കുന്ന ആമിക്കുട്ടി...
അവളുടെ നീല കണ്ണുകള്‍ കലങ്ങിയിട്ടുണ്ടായിരുന്നോ?