Monday, May 1, 2023

 

സഹ്യന്റെ മകൻ.

"കൂടെപ്പിറപ്പുകളായ കുങ്കിയാനകൾ അവനെ പിന്നിൽ നിന്നും കുത്തി വാഹനത്തിലേക്ക് കയറ്റി. ശരീരത്തിലേറ്റ മയക്കു വെടികൾ മയക്കത്തിനേക്കാളേറെ വേദനയാണ് അവനു സമ്മാനിച്ചത്. ഇത്രയും കാലം രാജാവിനെ പോലെ കഴിഞ്ഞ സ്വന്തം കാട്ടിൽ നിന്നും ഒരു അഭയാർഥിയെപ്പോലെ ഒരു വാഹനത്തിൽ കയറിപ്പോകുമ്പോൾ അവൻ ഒന്ന് കൂടി തിരിഞ്ഞു നോക്കി.."

         അത്രയും മൊബൈലിൽ ടൈപ്പ് ചെയ്തിട്ട്  തല ഉയർത്തി നോക്കിയപ്പോൾ ആണ് അയാൾ കണ്ടത്,  ഗേറ്റിന്റെ അടിയിലൂടെ,   നാലുചുറ്റും മതിൽ കെട്ടിയ തന്റെ 27 സെന്റിലേക്ക് അതിക്രമിച്ച് കയറാൻ തുടങ്ങുന്ന ഒരു പൂച്ച.  അടുത്ത് തപ്പിയപ്പോൾ ആദ്യം കിട്ടിയത് ഒരു പേനയാണെന്നു പോലും  ഓർക്കാതെ നീട്ടിയെറിഞ്ഞത് പൂച്ചയുടെ മുഖത്ത് കൊണ്ടു  കൊണ്ടില്ല എന്നമട്ടിൽ ഗേറ്റിലിടിച്ച് വീണു. തനിക്ക് അകത്ത് കയറാൻ അനുവാദം കിട്ടിയില്ല എന്ന നഗ്നസത്യം മനസിലാക്കിയ പൂച്ച പിന്നെ അവിടെ നിന്നില്ല.  മൊബൈൽ കസേരയുടെ പടിയിൽ വച്ചിട്ട് അയാൾ പോയി പേന എടുത്ത് കൊണ്ട് വന്ന് പത്രത്തിൽ വരച്ചു നോക്കി. ഭാഗ്യം തെളിയുന്നുണ്ട്.

വീണ്ടും മൊബൈൽ എടുത്ത് അയാൾ നോക്കി .. വാചകം പൂർത്തിയാക്കാനുണ്ട്.

 

"എന്നെ എന്റെ വീട്ടിൽ നിന്നും ഇറക്കി വിട്ടിട്ട് നീ നിന്ന് ആശ്വസിക്കുകയാണ് അല്ലേ.. ഇതെന്റെ നാടാണ് മനുഷ്യാ. നീ വരുന്നതിനേക്കാളും മുൻപേ ഇവിടെ ജനിച്ച് വളർന്ന എന്റെ അച്ഛനപ്പൂപ്പന്മാർ അന്ത്യ നിദ്ര കൊള്ളുന്നയിടം.... മാപ്പ് .. അത് നീ അർഹിക്കുന്നില്ല .."

അത്രയും കൂടി പൂർത്തിയാക്കി സംതൃപ്തിയോടെ അയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.



ajeshchandranbc@gmail.com