Friday, July 6, 2007

അകലെ..........

അവള്‍ അവന്റെ മുഖത്തേക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു ആ സമയമത്രയും. അവനാകട്ടെ തന്റെ സുഹ്രുത്തിനോടു സംസാരിക്കുന്നതിന്റെ തിരക്കിലായിരുന്നു... അഥവാ ഒരു സ്വയം ഒളിച്ചോടലിന്റെ ഭാഗമായി അവന്‍ തിരക്കഭിനയിക്കുകയായിരുന്നു. അപ്പോഴും അവന്‍ നോക്കാതെ തന്നെ കാണുന്നുണ്ടായിരുന്നു പ്രതീക്ഷയോടെ തന്നെ തന്നെ നോക്കിയിരിക്കുന്ന അവളുടെ വിടര്‍ന്ന നയനങ്ങള്‍.സുഹ്രുത്തു യാത്ര പറഞ്ഞു നടന്നകന്നപ്പോള്‍ ഇനിയാരു എന്ന ഭാവത്തില്‍ അവന്‍ ചുറ്റും നോക്കി.
"ഒന്നും പറഞ്ഞില്ലാ......." അവള്‍ ശബ്ദം താഴ്ത്തി ചോദിച്ചു..
അവന്‍ അവളുടെ മുഖത്തേക്കു നോക്കി. ഏതോ ഒരു നിമിഷം കൊണ്ടു സംഭരിച്ച ഒരു ആത്മ ധൈര്യത്തിന്റെ മറവിലാണവള്‍.... ഏതായാലും നനഞ്ഞു , ഇനി കുളിച്ചു കയറാം എന്ന ഭാവം.
അവന്റെ മനസ്സ് വല്ലാതെ മഥിക്കുന്നുണ്ടായിരുന്നു.. താന്‍ ഏറെ നാള്‍ കൊതിച്ച സ്വപ്ന സ്വര്‍ഗ്ഗങ്ങള്‍ തന്റെ മുന്നില്‍ പറന്നു വന്നിരിക്കുന്നു. പക്ഷേ അപ്പൊഴും സാധാരണ പോലെ ഒരു പിന്‍ വിളി..... അവന്റെ മനസിലൂടെ ഒരു നൂറു നൂറു മുഖങ്ങള്‍ കടന്നു പോയി, എല്ലാം തന്നെ ചൂഴ്ന്നു നില്‍ക്കുന്നതായി അവനു അനുഭവപ്പെട്ടു.
ഒരു ഭാഗത്തു അവന്‍ ഇത്രയും നാള്‍ നെയ്തു കൂട്ടിയ മോഹന സ്വരഗ്ഗങ്ങള്‍ അവതാര രൂപം കൈക്കൊണ്ടു നില്‍ക്കുന്നു... മറു ഭാഗത്താകട്ടെ അവന്റെ ഓരോ ചിന്തകളെയും പിന്നിലേക്കു തള്ളാറുള്ള അവണ്ടെ സ്വന്തം പ്രതിരൂപമാണെന്നവനു മനസിലായി..
അവന്‍ തന്റെ മിഴികള്‍ വീണ്ടും അകലേക്കു പായിച്ചു... തൊണ്ടയില്‍ നിന്നും ജലാംശം വാര്‍ന്നു പോയതു പോലെ. അവള്‍ തന്റെ കൈ വിരലുകളിലേക്കു നോക്കിയിരുന്നു... താന്‍ കരുതി വെച്ചിരുന്ന ആത്മ ധൈര്യം ചോര്‍ന്നു പോകുന്നതായി അവള്‍ക്കു തോന്നി, ഇനിയൊന്നു കൂടി ചൊദിക്കാന്‍ അവള്‍ അശക്തയായിരുന്നു...

അവന്‍ ഒന്നു കണ്ഠ ശുദ്ധി വരുത്തി..,,
"താനൊന്നു നോക്കൂ...." തന്റെ സബ്ദം സ്വയം നിയന്ത്രണത്തിലാക്കാന്‍ അവന്‍ നന്നേ പാടു പെട്ടു..
"ഇതു ജീവിതമാണു...ഇതിനെ നിന്റെ കണ്ണില്‍ കൂടി കാണുന്നതു പോലെ തികച്ചും ലളിതമാണെന്നു നീ ധരിക്കരുത്... ഒന്നാഞ്ഞു വീശിയാല്‍ വേരറ്റു നിലം പൊത്താന്‍ തുടങ്ങുന്ന പഴ്മരമാണിതു.
നിനക്കറിയാവുന്ന പൊലെ ഇവിടെയും യാഥാ സ്ഥിതികത്വം തന്നെയാണു വില്ലന്‍ കഥാപാത്രം..ഈ യാഥാസ്ഥിതികത്വത്തിന്റേതായ മതില്‍ കെട്ടുകള്‍ പൊട്ടിക്കിക്കുക എന്നതു അത്ര എളുപ്പമുളള കാര്യമല്ലാ....അഥവാ...പൊട്ടിച്ചാല്‍ തന്നെ വീണ്ടും തുന്നി ചേര്‍ക്കാന്‍ കഴിഞ്ഞു എന്നു വരില്ലാ......ഈ തടവറയുടെ ആഴം ഒരു പക്ഷെ നിനക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നു വരില്ലാ. ഈ മതില്‍കെട്ടിന്റെ ഓരോ കണ്ണിയും പൊട്ടിച്ചു മാറ്റുമ്പോള്‍ ഓരോ വേരുകളും അറ്റു പോകുകയാണു...
നാം ഇപ്പോള്‍ കാണുന്ന മുഖങ്ങള്‍ക്കെല്ലാം പുറകില്‍ മറ്റൊരു മുഖമുണ്ടു....
മാറ്റങ്ങള്‍ അങ്ങീകരിക്കാന്‍ മടിക്കുന്ന .. മാറ്റങ്ങളെ സംശയത്തോടെ മാത്രം കാണുന്ന കുറേ ഇരുണ്ട മുഖങ്ങള്‍..സത്യത്തില്‍ എനിക്കവയെ ഭയമാണു.. "
അവള്‍ മുഖമുയര്‍ത്തി അവന്റെ കണ്ണുകളിലേക്കു നോക്കി, അവന്റെ മിഴികള്‍ അപ്പോഴും അകലങ്ങളില്‍ ഒരു ഇടത്താവളം തേടുകയായിരുന്നു.
"അപ്പോള്‍ ...അപ്പോള്‍ .. നീയെന്നോടു പറഞ്ഞതൊക്കെയും കള്ളങ്ങളായിരുന്നോ....നീയെന്നെ ,, നിന്റെ വാക്കുകള്‍ കൊണ്ടു ചതിക്കുകയായിരുന്നോ...?
അവളറിയാതെ അവളുടെ ശബ്ദമുയര്‍ന്നു...
"ഞാന്‍ പറഞ്ഞതൊക്കെയും എന്റെ സ്വപ്നങ്ങളായിരുന്നു....പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുമോ എന്നു ഉറപ്പില്ലാത്ത എന്റെ കുറെ നല്ല സ്വപ്നങ്ങള്‍....."
അല്പ്പനേരത്തേക്കു അവളൊന്നും പറഞ്ഞില്ല..അവനെന്താണു അകലങ്ങളില്‍ തിരയുന്നതു എന്ന അര്‍ഥത്തില്‍ അവള്‍ അവനെ പോലെ അകലങ്ങളിലേക്കു നോക്കി നിന്നു..
ഒരു ദീര്‍ഘ നിശ്വാസം അവളില്‍ നിന്നും ഉയര്‍ന്നു.
"നീ വളരെ പ്രാക്റ്റിക്കല്‍ ആയി സംസാരിക്കുന്നു.ഒരു വിവാഹം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ .. പ്രാരാബ്ധങ്ങള്‍... അവയെ നേരിടാന്‍ നിനക്കാവില്ലാ..നിന്റെ ഇനിയുള്ള വളര്‍ച്ചയെ അതു ദോഷമായി ബാധിക്കും,....അല്ലേ.. പിന്നെന്തിനു നീ,,,......"
അവന്റെ മുഖമൊന്നു വിളറി.ഓരോ നിമിഷം കഴിയുന്തോറും അവളുടെ നേരെ നോക്കാന്‍ അവന്‍ അശക്തനായി വരികയായിരുന്നു.
എങ്കിലും അവന്‍ പറഞ്ഞൊപ്പിച്ചു.."അല്ലാ... നിന്നെ സ്വന്തമാക്കുന്നതില്‍ നിന്നും നീയിപ്പറഞ്ഞ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ എന്നെ തടസ്സപ്പെടുത്തുന്നില്ലാ..പക്ഷേ, യാഥസ്തിതികരായ എന്റെ കുറേ നല്ല ബന്ധു ജനങ്ങള്‍...ഞങ്ങളുടെ ഏതു പ്രതികൂലാവസ്തയിലും ഞങള്‍ക്കു താങ്ങായും തണലായും നിന്ന, എന്റെ സ്വന്തം ആള്‍ക്കാര്‍.....അവരെ നേരിടാന്‍ എനിക്കു കഴിയില്ലാ..അവരെ ധിക്കരിച്ചു കൊണ്ടു, അവരുടെ മുഖത്തു തുപ്പിക്കൊന്ടു ഇങ്ങനെയൊരു തീരുമാനം നടപ്പക്കാന്‍ കഴിയുമൊ എന്നു എന്നിക്കു തന്നെ നിശ്ചയമില്ലാ...അതിനെ ക്കുറിച്ചു ചിന്തിക്കുമ്പോള്‍ തന്നെ ഞാന്‍ അശക്തനാകുന്നു..
എന്റെ മുന്നില്‍ അവരുടെയോരോരുത്തരുടെയും മുഖമാണു തെളിയുന്നത്,..ഞാന്‍..ഞാന്‍.. നിസ്സാരനായിപ്പോകുന്നു... പക്ഷേ ഞാന്‍..എനിക്ക്.. നീ,, നീയില്ലാതെ കഴിയില്ല... പക്ഷെ ബന്ധങ്ങള്‍ ... വേരറ്റു പോകുമോ ..എന്ന ഭയം..., നിനക്കു അതു മനസ്സിലാകണമെന്നില്ല, കാരണം നീ പഠിച്ചതും വളര്‍ന്നതുമെല്ലാം നഗരത്തിലാണു, ഓരോരുത്തനും അവനവനെ കാണാന്‍ തന്നെ സാവകാശമില്ലാത്ത നഗരത്തില്‍, അന്യന്റെ കാര്യത്തില്‍ ഇടപെടാന്‍ മെനക്കെടാതെ ഓരോ നിമിഷവും ഓടിക്കൊണ്ടിരിക്കുന്നവരുടെ നാട്ടില്‍.... അവര്‍ക്കു ഇങ്ങനെയുള്ള വിഷയങ്ങള്‍ സംസാരിക്കുന്നതിനു സമയവും താല്‍പ്പര്യവും ഉണ്ടാകില്ല...പക്ഷേ എന്റെയീ നാട്ടില്‍ ജീവിതം വളരെ പതുക്കെയാണു. ഒന്നു കിട്ടിയാല്‍ അതിനെ പത്താക്കുന്ന, അന്യനെ ക്കുറിച്ചു മത്രം മെനക്കെട്ടിരുന്നു സംസാരിക്കന്‍ ഒരു പടു പേരുള്ള,ഒരു സാധാരണ നാട്ടില്‍. ..അവര്‍ക്കു വിഷയങ്ങള്‍ വേണം സംസാരിക്കാന്‍..പ്രത്യേകിച്ചും ഇതു പോലെയുള്ള..... പിന്നീടവര്‍ നമ്മളെ
കാണുന്നതു പോലും ഒരു പ്രത്യേക കണ്ണിലായിരിക്കും..എങ്കിലും... ഇങ്ങനെയൊന്നും സംഭവിക്കുന്നില്ല എന്നല്ല,, എങ്കിലും.."
വീണ്ടും കുറേ നേരത്തേക്കു മൗനം.. രക്തം കട്ട പിടിക്കുന്ന ഒരു തരം മൂകത..
"നീ വളരെ നന്നായി സംസാരിക്കുന്നു, നിനക്കു എന്റെ മുഖത്തേക്കൊന്നു നോക്കാമോ? " അവള്‍ തന്റേടത്തോടു കൂടിയായിരുന്നു സംസാരിച്ചത്.. അവള്‍ ഇടക്കിടക്കു പറയാറുള്ളതു പോലെ അവള്‍ തികച്ചും ബോള്‍‍ഡ് ആണെന്നു അവനു തോന്നി..
ഏത് ആപത്ഘട്ടത്തിലും കൈ വിടാത്ത ആത്മധൈര്യം അവള്‍ക്കു വേണ്‍ടുവോളമുണ്ടെന്നു അവനു മനസ്സിലായി. അതു കൊണ്ടു തന്നെ അവളുടെ മുഖത്തേക്കു നോക്കാന്‍ തന്നെ അവനു തോന്നിയില്ല.
എങ്കിലും അവള്‍ തുടര്‍ന്നു." എനിക്കിപ്പോള്‍ മനസ്സിലാകുന്നു, ഞാന്‍ കണ്ടതൊക്കെയും പാഴ്കനവുകളായിരുന്നു, ഞാന്‍ നിന്നെയല്ല കണ്ടതു.. നിന്നിലെ സ്വപ്ന മനുഷ്യനെയായിരുന്നു.. നീയെന്റെ മുന്നില്‍ കൊണ്ടു വന്നു നിര്‍ത്തിയതും അവനെ മാത്രമായിരുന്നു. നിനക്കറിയാമല്ലോ എന്നിലേക്കു പ്രണയത്തിന്റെ സുഖപ്പെടുത്തുന്ന നൊമ്പരം കോരിയിട്ടതു നീയാണ്, നീയാണു എന്നെ അതിലേക്കു വലിച്ചിഴച്ചത്.. ഇപ്പോള്‍ എന്റെ മുന്നില്‍ വന്നു നില്‍ക്കുന്ന നിന്റെയീ സ്വരൂപത്തെ എന്നെങ്കിലും നീ ഒന്നു പരിചയപ്പെടുത്തിയിരുന്നെങ്കില്‍ .... എനിക്കു ചിന്തിക്കാന്‍ ഏറെ സമയം കിട്ടുമായിരുന്നു... പക്ഷേ .. ഇന്ന് ഈ കോളേജിന്റെ പടിവാതില്‍ നമ്മള്‍ കടന്നു കഴിഞ്ഞാല്‍ പിന്നെ.. എന്നെങ്കിലും നമ്മള്‍ കണ്ടുമുട്ടുമോ എന്നു പോലും ഉറപ്പില്ല...... പക്ഷെ .. ഞാന്‍ നിന്നോടു ഒന്നു ചോദിക്കാന്‍ അഗ്രഹിക്കുന്നു... നീ,, നീയെന്നെങ്കിലും എന്നെ സ്നേഹിച്ചിരുന്നോ?... അതോ വെറും പുറം മോടിയുടെ മറവില്‍ ക്യാമ്പസ്സില്‍ കൈ കോര്‍ത്തു ചുറ്റിക്കറങ്ങുകയും അധ്യയനം കഴിയുമ്പോള്‍ ഓട്ടോഗ്രഫില്‍ ഒരു നെടു നീളന്‍ വാചകത്തില്‍ സ്നേഹം കുത്തി നിറച്ചിട്ടു പിരിയുവാന്‍ വേണ്ടി മാത്രമായിരുന്നൊ നീയെന്നെ..........."
അവളുടെ കണ്ഠമിടറി.....
" അരുതു ഞാന്‍ പറഞ്ഞില്ലേ...... എനിക്കു നിന്നെ ജീവനാണു.. ഇനിയൊരു പക്ഷേ മറ്റൊരു വിവാഹത്തിന്റെ സാധ്യതയെ പറ്റി പോലും ഞാന്‍ ചിന്തിചു എന്നു വരില്ല.... പക്ഷെ എന്റെ ആള്‍ക്കാരുടെയും സമുദായത്തിന്റെയും വേലിക്കെട്ടുകള്‍........ അവയെ തകര്‍ത്തെറിയാന്‍ ഞാന്‍ അശക്തനാണു. ഞാന്‍... ഞാന്‍ നിന്നോടു മാപ്പു ചോദിക്കുന്നു. എന്നില്‍ സ്നേഹത്തിന്റെ പ്രതിരൂപമായി എന്നും നീയുണ്ടാകും... എക്കാലവും." അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു..
അവള്‍ അകലേക്കു നോക്കി, സൂര്യപ്രകാശം മങ്ങിത്തുടങ്ങിയിരുന്നു. സന്ധ്യയുടെ വരവാണ്.. പക്ഷിക്കൂട്ടങ്ങള്‍ സ്വന്തം കൂടുകളിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു..കുറേ സമയം കഴിയുമ്പോള്‍ അവയുടെ ശബ്ദങ്ങള്‍ നിലക്കും.പിന്നീടു രാത്രിയുടെ മുരള്‍ച മാത്രമേയുണ്ടാകൂ..
ഒരു ദീര്‍ഘനിശ്വാസത്തോടെ അവള്‍ ശാന്തയായി പറഞ്ഞു" ഞാന്‍ നിണ്ടെ സ്നേഹത്തെ ചോദ്യം ചെയ്യുന്നില്ല.. പക്ഷേ.. എനിക്കൊന്നു പറയണം.. .. നീ .. നീയൊരു ഭീരുവാണു.. വരും വരായ്കകളെ പറ്റി ആകുലതകളൊടെ മാത്രം കാണുന്ന ഒരു പാവം ഭീരു.. ഒരുതരം തരം താണ അപകര്‍ഷതാ ബോധമാണു നിന്നെ ഭരിക്കുന്നതു...നീ.. നീയൊരു ഭീരുവാണു..." അതു പറയുമ്പോള്‍ അവളുടെ മിഴികള്‍ നിറഞ്ഞിരുന്നു... കണ്ഠമിടറുന്നുണ്ടായിരുന്നു.. അവള്‍ ഉറച്ച കാല്‍‌വെയ്പ്പുകളോടെ അവനെ കടന്നു പോകുമ്പോഴും അവന്റെ കണ്ണുകള്‍ അനന്തതയില്‍ തന്നെയായിരുന്നു...
അനന്തതയിലെ അവന്റെ മനസാകുന്ന ശൂന്യതയില്‍ തന്നെയായിരുന്നു....................
..................
അജേഷ് ചന്ദ്രന്‍ ബി സി...

3 comments:

Hashim said...

Kollada Nadakkatte

Sony said...

Dai eanthuvadi kollamaloda ni eingana eazuthaarundo,

Share Remix said...

എന്തിനോ ഏതിനോ ...നോവുന്നു അകവും പുറവും ഒരു പോലെ