Friday, August 21, 2009

നഷ്ടം ജീവിതം...






നഷ്ടം ജീവിതം

മണലുകള്‍ പൂക്കുന്ന നാട്ടിലേക്കന്നു ഞാന്‍
യാത്ര തിരിച്ചതോര്‍മ്മയുണ്ട്
സൂര്യതാപത്തിലെന്‍ ചെറു ചിറകുകള്‍
വാടിത്തളര്‍ന്നതോര്‍മ്മയുണ്ട്
മാംസം കരിയുന്ന ഗന്ധമെന്‍ ചുറ്റിലും
തളം കെട്ടി നിന്നതുമോര്‍മ്മയുണ്ട്
കുത്തിക്കുറിച്ച അക്ഷരക്കൂട്ടത്തിലെന്‍
മിഴിനീര്‍ നനവുകള്‍ പടര്‌ന്നതുമോര്‍മ്മയുണ്ട്,...
............................................

ഓര്‍മ്മയില്ലാത്തതെന്‍ ജീവനില്‍ സൂക്ഷിച്ച
ഞാനെന്ന ചേതോവികാരം
ഓര്‍മ്മയില്ലാത്തതെന്നെ കൊതിപ്പിച്ച
നാടിന്റെ നാഡീ ഞരമ്പുകള്‍
ഓര്‍മ്മയില്ലാത്തതെന്നെ കൊതിപ്പിച്ച
പൂവിന്റെ സ്നിഗ്ധമാം നറുമണം
ഓര്‍മ്മയില്ലാത്തതെന്നെ പൊതിഞ്ഞൊരാ
നിലാവിന്റെയാര്‍ദ്രമാം നീര്‍മുത്തുകള്‍
ഓര്‍മ്മയില്ലാത്തതെന്നെ വളര്‍ത്തിയ
നേരിന്റെ പൊന്‍പുലര്‍‌കാലം
ഓര്‍മ്മയില്ലാത്തതെന്‍ കണ്‍ നനയിച്ച
നഷ്ടപ്പെടലിന്റെ ബാല്യം
ഓര്‍മ്മയില്ലാത്തതെന്നെ വളര്‍ത്തിയ
സ്നേഹത്തിന്‍ മൃദുകര സ്പര്‍ശം
ഓര്‍മ്മയില്ലാത്തതെന്നെക്കുറിച്ചോര്‍ക്കുവാന്‍
വിസ്മൃതിയിലാണ്ടയെന്‍ ജീവിതം
ഓര്‍മ്മയ്ക്കുമൊരോര്‍മ്മ തെറ്റിനുമിടയില്‍
ഇനിയെന്തോര്‍ത്തെടുക്കേണ്ടൂ ഞാന്‍ ...

Thursday, June 4, 2009

സിംലാ..ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു....

അപ്പോഴേക്കും തണുത്ത കാറ്റ് വീശാന്‍ തുടങ്ങിയിരുന്നു. ജനലിന്റെ തുറന്ന് കിടന്ന ഒരു പാളി കൂടി അവള്‍ ചേര്‍ത്തടച്ചു.
വേണ്ട തണുപ്പ്‌ ആവോളം കയറിക്കോട്ടെ എന്ന് പറയാന്‍ ആദ്യം തുനിഞ്ഞതാണ്‌. പെട്ടെന്ന് പിന്‍‌തിരിഞ്ഞു.
തരം കിട്ടിയാല്‍ അകത്ത് കയറാന്‍ കാത്തിരിയ്ക്കുന്ന വാനരന്മാരാണ്‌ ചുറ്റുമുള്ള മഞ്ഞ് പെയ്യുന്ന മരങ്ങളില്‍.
റൂം ബോയ് രണ്ട് ബക്കറ്റുകളിലായി ചൂട് വെള്ളവും തണുത്ത വെള്ളവും കൊണ്ട് വെച്ചു.
രാത്രിയില്‍ അവിടെ വാട്ടര്‍ സപ്ലൈ ഇല്ല. ഇനി പൈപ് ചീറ്റണമെങ്കില്‍ നേരം വെളുക്കണം.
റൂമില്‍ ഒരു ചെറിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് റ്റി വി ഇരിപ്പുണ്ട്. പക്ഷേ അത് ഓണാക്കിയാല്‍ പൊട്ടലും വെടിയും പുകയുമൊക്കെയേ ഉള്ളൂ..ട്യൂണ്‍ ചെയ്ത് നോക്കിയിട്ടും ഫലമില്ല. പക്ഷേ താഴെ റിസപ്ഷനില്‍ ഒരു വൃദ്ധന്‍ ഒരു റ്റി വി വലിയ ശബ്ദത്തില്‍ വച്ച് കാണുന്നുണ്ട്. പ്രിയ ദര്‍ശന്‍ മലയാളത്തില്‍ നിന്നും അടിച്ച് മാറ്റിയ ഒരു ഹിന്ദി സിനിമ...റൂമില്‍ പണം കൊടുത്ത് താമസിയ്ക്കാന്‍ വരുന്നവര്‍ക്കില്ലാത്ത സൗകര്യമോ അയാള്‍ക്ക്..?അയാളോട് അല്പം അമര്‍ഷം തോന്നി.
"അവിടേയ്ക്ക് നമ്മളെപ്പോഴാ പോകുന്നെ?"
എന്റെ മനസ്സില്‍ തന്നെ സംസാരിച്ച് കൊണ്ടിരുന്ന എന്റെ ചിന്താധാരയെ പിളര്‍ന്ന് കൊണ്ട് അവളുടെ ചോദ്യം..
"എവിടേയ്ക്ക്?"
"ആ സ്ഥലം..ഇന്ദിരാഗാന്ധിയുടെ വലിയ പ്രതിമയുള്ള ആ സ്ഥലം...ആ ..കുട്ടി....."
ബാക്കിയവള്‍ പറഞ്ഞില്ല, അര്‍ദ്ധോക്തിയില്‍ തന്നെ നിര്‍ത്തി.
സത്യത്തില്‍ ഞാനെന്തിനാന്‌ അവളെയും കൂട്ടി ഇവിടെ വന്നത്.?..നഷ്ടപ്പെട്ട് പോയ ചില ഓര്‍മ്മകളുടെ പുനരുദ്ധാരണ കര്‍മ്മത്തിനു മാത്രമോ..? ഇത്തരത്തിലുള്ള ഒരു യാത്ര ചെയ്യേണ്ടി വന്ന ആദ്യ ഭാര്യ ആയിരിക്കും അവള്‍ കഷ്ടം..
ഞാന്‍ അടുത്തിരുന്ന ബാഗെടുത്ത് തുറന്നു.അതില്‍ നിന്നും ഒരു ആല്‍ബം എടുത്ത് മറിച്ച് നോക്കി.
എന്തോ ഒന്നിനു വേണ്ടിയുള്ള തിരച്ചില്‍...
അവസാനം കണ്ടെത്തി ഞാന്‍ അന്വേഷിച്ച ചിത്രം..അവള്‍ പറഞ്ഞ ആ സ്ഥലം..
കുത്തനെയുള്ള വശങ്ങളുള്ള ഒരു മുനമ്പാണത്..
അതിനു മുന്നിലായി ഒരു സ്മാരക ശിലയും..അതിന്റെ മുകളിലായി ഇന്ദിരാഗാന്ധിയുടെ തോള്‍ വരെയെത്തി നില്‍ക്കുന്ന ഒരു പ്രതിമ. ഇന്ദിരാഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ സ്മാരകം എന്ന് വലിയ അക്ഷരങ്ങളില്‍ കൊത്തി വച്ചിട്ടുണ്ട്.
പ്രതിമയ്ക്ക് താഴെ തോളുരുമ്മി നില്‍ക്കുന്ന ആ രണ്ട് പേര്‍..ഞാനും പിന്നെ........
പ്രതിമയ്ക്ക് തൊട്ട് പിറകിലായി മുനമ്പിന്റെ അതിരില്‍ ഒരു കൈ വരിയുണ്ട്..
താഴെ...അങ്ങ് വളരെ താഴെയാണ്‌ അടുത്ത ഭൂപ്രദേശം...കുത്തനെയുള്ള താഴ്ചയാണവിടം...
ദൂരെയായി നിബിഢ വനങ്ങളെന്ന് തോന്നിപ്പിയ്ക്കുമാറ് വൃക്ഷങ്ങളാല്‍ പൊതിഞ്ഞ് മലനിരകള്‍..
മഞ്ഞ് പ്രതീതി തന്നെ അവിടെങ്ങും...
കുളിരില്‍ പുതച്ച് നില്‍ക്കുന്ന സിംല വളരെ സുന്ദരിയായിരുന്നു...
പക്ഷേ എന്റെ മനസ്സിന്റെ ഭാരം ഒന്നു കൂടി വര്‍ദ്ധിച്ചതേയുള്ളൂ..ഒരു ശ്വാസം മുട്ടല്‍ പോലെ...
അവള്‍ എന്റെ അടുത്ത് വന്നിരുന്ന ഫോട്ടോ ശ്രദ്ധിച്ചു...എന്നെയും...
ഘനീഭവിച്ച് കിടക്കുന്ന എന്റെ മനസ്സിനെ ആ ചിന്തകളില്‍ നിന്നും പിന്‍‌തിരിപ്പിയ്ക്കാനാകണം അവള്‍ പറഞ്ഞു.."നല്ല സ്ഥലം,,അല്ലേ ..മനോഹരമായിരിയ്ക്കുന്നു...മല നിരകള്‍ക്കും താഴ്വാരത്തിനുമൊക്കെ എന്ത് ഭംഗി..."
"അതെ ..മരണത്തിന്റെ ചെങ്കുത്തായ താഴ്വര...അതിന്റെ ഭീകരതയെ മഞ്ഞാല്‍ സുന്ദരമായി പൊതിഞ്ഞിരിയ്ക്കുന്നു..."
അവളൊന്നും പറഞ്ഞില്ല..പകരം ആ ഫോട്ടോയിലേയ്ക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു...
അല്പ സമയത്തിനു ശേഷം ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് കട്ടിലില്‍ പോയി കിടന്നു...
കട്ടി കൂടിയ കമ്പിളി അതില്‍ വിരിച്ചിട്ടുണ്ടായിരുന്നു..അതിനുള്ളിലൊതുങ്ങി...
ഞാന്‍ ആ ഫോട്ടോയിലായിരുന്നില്ല..അതിലൂടെ കടന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ സ്ഥലത്തായിരുന്നു..വിനോദ സഞ്ചാരികളുടെ പറുദീസ എന്റെ സ്വപ്നങ്ങളുടെ ശവപ്പറമ്പായ ആ കാലത്തിലായിരുന്നു ഞാനപ്പോള്‍...
പുറത്ത് ഇടനാഴിയില്‍ ആരോ ഉറക്കെ ഹിന്ദിയില്‍ സംസാരിയ്ക്കുന്നു...
"നിന്നോട് പറഞ്ഞില്ലേ ഓഫീസ് കാര്യം പറഞ്ഞ് വിളിയ്ക്കരുതെന്ന്..വര്‍ഷത്തിലൊരിയ്ക്കലെങ്കിലും എല്ലാ തലവേദനകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ സമ്മതിയ്ക്കരുതോ?" അയാള്‍ ഉറക്കെ സംസാരിയ്ക്കുകയാണ്‌...
മൊബൈല്‍ ഫോണിലൂടെയാവണം..എല്ലാ ജോലിത്തിരക്കുകളും മാറ്റി വെച്ച് സ്വസ്ഥമാകാന്‍ കണ്ടെത്തിയ സമയത്തിനിടയിലും ഓഫീസ് കാര്യമോര്‍മ്മിപ്പിച്ച ആരോടോ ഉള്ള അമര്‍ഷം പുകഞ്ഞ് കത്തുകയാണ്‌ അയാളുടെ വാക്കുകളില്‍...കുറച്ച് കഴിഞ്ഞ് സംസാരം നിന്നു,,,ഒരു ശബ്ദവും കേട്ടു...ഇനിയെങ്ങാനും അയാള്‍ കയ്യിലിരുന്ന മൊബൈലെടുത്ത് എറിഞ്ഞതാകുമോ..ഞാന്‍ വെറുതേ ചിന്തിച്ചു...
അപ്പോഴും താഴെ ഹിന്ദി സിനിമയുടെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു..കിഴവന്‍ അതിനു മുന്നില്‍ കിടന്നുറങ്ങിക്കാണണം..
"കിടക്കുന്നില്ലേ ..സമയം ഒരുപാട് ആയിരിയ്ക്കുന്നു..."
ഇവളിത് വരെ ഉറങ്ങിയില്ലേ..അല്ലെങ്കില്‍ തന്നെ നാട്ടിലായാലും ഇവള്‍ക്കുറക്കമില്ല..
ഒരു ചെറിയ ശബ്ദം കേട്ടാല്‍ മതി ഉണര്‍ന്ന് ടോര്‍‌ച്ചെടുക്കും...

രാവിലെ കതകിന്‌ മുട്ട് കേട്ടാണ്‌ ഉണര്‍ന്നത്...
സമയം നോക്കി 6 മണിയായിരിയ്ക്കുന്നു..
വാതില്‍ തുറന്ന് നോക്കിയപ്പോള്‍ റൂം ബോയ് ആണ്‌... ചൂട് വെള്ളം നിറച്ച ബക്കറ്റുമായി എത്തിയതാണവന്‍ ...അവന്‍ വെള്ളം നിറച്ച് ബക്കറ്റ് അകത്ത് ബാത്ത് റൂമില്‍ കൊണ്ട് വെയ്ക്കാനൊരുങ്ങി..
"വേണ്ട ഇവിടെ വച്ചേക്കൂ..." ഞാന്‍ പറഞ്ഞു..അവന്‍ തിരികെ പോയി...
നമ്മള്‍ ആവശ്യപ്പെട്ടില്ലെങ്കിലും ചൂട് വെള്ളം നമ്മുടെ മുറിയ്ക്ക് മുന്നിലെത്തിയിരിയ്ക്കും..
ആ മലയോര മേഖലയിലെ ഏത് ലോഡ്ജിലും അതങ്ങനെ തന്നെയാണ്‌ ..
മുറിയുടെ പിന്‍‌വശത്തെ വാതില്‍ തുറന്നാല്‍‍ ഒരു ബാല്‍ക്കണിയാണ്‌ ...
സിംലയുടെ അപാര സൗന്ദര്യം അവിറ്റെ നിന്ന് നോക്കിയാലറിയാം..
"ഇങ്ങോട്ട് നോക്കൂ..റിയലി ബ്യൂട്ടി ഫുള്‍.."
ബാല്‍ക്കണിയില്‍ നിന്നും അവള്‍ വിളിയ്ക്കുകയാണ്‌.. ബ്രഷില്‍ പേസ്റ്റ് പതിപ്പിച്ച് കൊണ്ട് ഞാന്‍ അവിടേയ്ക്ക് ചെന്നു..
ബൈനോക്കുലറിലൂടെ ദൂരെ കാണുന്ന മലയുടെ ഭംഗി ആസ്വദിയ്ക്കുകയാണവള്‍...
ഇവിടെയപ്പടി കുരങ്ങുകളാണല്ലോ..മരങ്ങളിലെല്ലാം.."
"അതെ ജനലുകളൊന്നും തുറന്നിടരുത്".. ഒരു മുന്നറിയിപ്പെന്നോണം ഞാന്‍ പറഞ്ഞു...
മരങ്ങളില്‍ മാത്രമല്ല കൂരകെട്ടിയ വീടുകളുടെ മണ്ടയ്ക്കും കുരങ്ങന്‍‌മാര്‍ വിരാജിയ്ക്കുന്നു...നല്ല ഭംഗിയുള്ള കുരങ്ങന്‍‌മാര്‍...
നേരെ താഴെ ഒരു വീടുണ്ട്..അതിന്റെ മുന്നില്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്നു..നല്ല ഭംഗിയുള്ള ഒരു കുട്ടി..ചൈനക്കാരുടേത് പോലുള്ള മുഖം..
"ഇവിടുത്തെ പെണ്‍കുട്ടികള്‍ക്കെല്ലാം നല്ല ഭംഗിയാണല്ലേ..?"
ഞാന്‍ തിരിഞ്ഞ് അവളോട് ചോടിച്ചു..
മറുപടിയും പെട്ടെന്ന് തന്നെ വന്നു..."പെണ്‍ കുട്ടികള്‍ക്ക് മാത്രമല്ല..ചെറുപ്പക്കാര്‍ക്കും നല്ല ഭംഗി തന്നെ.."
അവള്‍ തിരിച്ചടിച്ചതാണെന്ന് മനസ്സിലായെങ്കിലും അതില്‍ ഒരു സത്യവുമുണ്ടായിരുന്നു..
അവിടത്ത്കാര്‍ക്കെല്ലാം നല്ല ഐശ്വര്യമാണ്‌..
യാക്കുകളുമായി പോകുന്ന സാധാരണ കര്‍ഷകര്‍ക്ക് പോലും നമ്മുടെ നാട്ടില്‍ കാണാനാകാത്ത ഒരു വൃത്തിയുണ്ട്.ഒരു പക്ഷേ നാട്ടിലേത് പോലെ പൊടിയും ചൂടും വാഹനങ്ങളുടെ പുകയുമൊന്നും ഇല്ലാത്തത് കൊണ്ടാകണം..എല്ലാവരും വൃത്തിയുള്ള രോമക്കുപ്പായങ്ങളണിഞ്ഞ സുന്ദരികളും സുന്ദരന്മാരും തന്നെ..
ഈ കാലാവസ്ഥയില്‍ സിഗരറ്റില്ലാതെ പിടിച്ച് നില്‍ക്കുന്നത് പ്രയാസം തന്നെ , എനിയ്ക്ക് തോന്നി.
കഴിഞ്ഞ തവണ വന്നപ്പോള്‍ ഞങ്ങള്‍ക്കൊപ്പം വന്ന ശ്രീകുമാര്‍ സര്‍ ഗത്യന്തരമില്ലാതെ.."നിങ്ങള്‍ പൊകയ്ക്കാനും കുടിയ്ക്കാനുമൊന്നും ഒന്നും കൊണ്ട് വന്നില്ലേടെ.." എന്ന് ചോദിച്ചത് ഞാനോര്‍ത്ത് പോയി...
കൂട്ടത്തിലൊരാളുടെ പോക്കറ്റില്‍ ഒരു പായ്ക്കറ്റ് സിഗരറ്റ് കണ്ടിട്ടായിരുന്നു സര്‍ അങ്ങനെ ചോദിച്ചത്..ഞങ്ങളില്‍ പലരും മാറി നിന്ന് പുകയ്ക്കുന്നത് സര്‍ കണ്ടിരുന്നു...
എങ്ങനെയാണ്‌‌ സാറിനോടിത് വേണോ എന്ന് ചോദിയ്ക്കുന്നത് എന്ന് കരുതിയാണ്‌..എങ്ങനെയാകും പ്രതികരിയ്ക്കുക എന്ന് പറയാന്‍ വയ്യല്ലോ...
കാരണം യാത്ര തുടങ്ങിയപ്പോള്‍ തന്നെ മറ്റ് അദ്ധ്യാപകരുടെ മുന്നില്‍ വെച്ച് സര്‍ ഭീഷണി മുഴക്കിയത്.."ഇങ്ങനെ വല്ലതും കണ്ടാല്‍ ദെന്‍ വി വില്‍ ബാക്ക് റ്റു കൊല്ലം.."
അന്ന് ഗര്‍ജ്ജിച്ചയാളാണ്‌ വാലും മടക്കി കുട്ടികളോട് കൈ നീട്ടിയത്...
............................................................................................................................

ഞാന്‍ തണുത്ത വെള്ളത്തില്‍ തന്നെയാണ്‌ കുളിച്ചത്..ഐസിന്റെ തണുപ്പാണ്‌ ആ വെള്ളത്തിന്‌..
ശരീരത്തിലേയ്ക്ക് വീണപ്പോള്‍ മഞ്ഞ് കൊണ്ടുണ്ടാക്കിയ മുള്ളുകള്‍ തുളച്ച് കയറും പോലെ..
എങ്കിലും തണുത്ത വെള്ളത്തില്‍ കുളിച്ച് കയറിയപ്പോള്‍ ആകെ ഒരു ഉത്സാഹം..
തണുപ്പിനെ പ്രതിരോധിയ്ക്കാന്‍ ശക്തി കിട്ടിയത് പോലെ..ചൂട് വെള്ളത്തില്‍ കുളിച്ചിറങ്ങിയ അവളാകട്ടെ പുറത്തിറങ്ങി കിടുങ്ങുന്നു...പ്രഭാത ഭക്ഷണം അവിടെ നിന്ന് തന്നെയാണ്‌,,ബ്രഡ്ഡും ഓംലെറ്റും,,..കഴിച്ച് കഴിഞ്ഞപ്പോള്‍ വയറിന്റെ ഏതോ ഒരു മൂലയില്‍ മാത്രം പറ്റിയത് പോലെ.
എങ്കിലും അതിനും 30 രൂപയാണെന്നുള്ളത് കൊണ്ട് കഴിച്ച് കഴിഞ്ഞിട്ട് ഒരു ഏമ്പക്കവും കൂടി വിട്ടു.
ഭക്ഷണം കഴിഞ്ഞിട്ട് പെട്ടെന്ന് തന്നെ ഞങ്ങള്‍ തയ്യാറായി..
"ഇവിടെ ചുറ്റാന്‍ വാടകയ്ക്ക് വണ്ടിയൊന്നും കിട്ടില്ല അല്ലേ ..മൊത്തവും കയറ്റവും ഇറക്കവുമൊക്കെയല്ലേ.."
"കിട്ടിയേക്കും ഒരു പക്ഷേ...പക്ഷേ നമുക്ക് വേണ്ട...വെറുതെ ഈ തണുപ്പത്ത് പുതച്ച് കൊണ്ട് നടക്കുന്നതിന്റെ സുഖമൊന്നറിയണം...കയറ്റങ്ങളൊന്നും ഒരു പ്രശ്നമേയല്ല.."
ഞങ്ങള്‍ പുറപ്പെടുകയാണ്‌..ഈ യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യ സ്ഥാനത്തേയ്ക്ക്.
കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളായി എന്റെയുള്ളിലെ വീര്‍പ്പ് മുട്ടലുകളുടെയും നഷ്ടപ്പെടലിനെ ഓര്‍മ്മകളുടെയും പ്രഭവ സ്ഥാനത്തേയ്ക്ക്....
മനസ്സ് അനിയന്ത്രിതമായി മിടിയ്ക്കുന്നുണ്ടോ..?
വഴിയരുകിലായി നല്ലയിനം ആപ്പിളുകള്‍ നിരത്ത് വെച്ചിരിയ്ക്കുന്നു...മാതള നാരകവുമുണ്ട്..
കുറേ ദൂരം നടന്നപ്പോള്‍ കുറേ കുതിരകളെ കെട്ടിയിട്ടിരിയ്ക്കുന്നത് കണ്ടു.സവാരിയ്ക്കാണ്‌...
ഒരാള്‍ എന്റെ കൈക്ക് കടന്ന് പിടിച്ചു..
"സാബ് കുതിര സവാരി ചെയ്യൂ സാബ്.50 രൂപയേ ഉള്ളൂ..."
അയാളുടെ അഭ്യര്‍ഥനയെ തട്ടി മാറ്റിക്കൊണ്ട് നടന്നു..
വളഞ്ഞ് പുളഞ്ഞ പോകുന്ന; ഒരു സൈഡില്‍ അഗാധ ഗര്‍ത്തവും മറു സൈഡില്‍ നല്ല കയറ്റവുമുള്ള ആ റോഡില്‍ സാമാന്യം നല്ല തിരക്കുണ്ട്..
എല്ലാം കാല്‍‌നടയാത്രക്കാര്‍...എങ്കിലും ആരും ആര്‍ക്കും ഒരു ശല്യവുമാകാതെ സ്വെറ്ററും അണിഞ്ഞ് കൊണ്ട് നടന്ന്‍ നീങ്ങുന്നു .
ആര്‍ക്കും മറ്റൊരാളെ അനാവശ്യമായി ശ്രദ്ധിയ്ക്കാന്‍ താല്പര്യമില്ല..
പ്രകൃതിയുടെ മദാലസമായ ആ ഭാവത്തിന്റെ ഒഴുക്കിലും താളത്തിലും പെട്ട് അവരങ്ങനെ ചലിച്ച് കൊണ്ടേയിരിയ്ക്കുന്നു..ഇടയ്ക്ക് നിരത്തിന്റെ ഓരത്തായ് കണ്ട ബെഞ്ചില്‍ ഞങ്ങള്‍ കുറെ നേരമിരുന്നു...
"പറഞ്ഞത് ശരി തന്നെ..ഈ തണുപ്പത്ത് ഇങ്ങനെ വെറുതെ നടക്കുന്നത് തന്നെ സുഖം.."
വൈകിയാണെങ്കിലും അവളെന്നോട് യോജിച്ചു..
യാത്രയിലുടനീളം അവളുടെ കയ്യിലിരുന്ന ഡിജിറ്റല്‍ ക്യാമറ ഇടതടവില്ലാതെ പുഞ്ചിരി പൊഴിച്ച്കൊണ്ടേയിരുന്നു....
സിംലയുടെ മാദക ഭംഗി ഒപ്പിയെടുക്കുകയാണവള്‍...
വഴിയാത്രക്കാരനായ ഒരാളോട് ആ പഴയ പള്ളിയുടെ അടുക്കലേയ്ക്ക് പോകനായുള്ള വഴി തിരക്കി..

അങ്ങ് ദൂരെയായികാണാം പള്ളിയുടെ മുകള്‍ ഭാഗവും പള്ളിയേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്ന ഗോപുരവും..ഗോപുരത്തിനു മുകളില്‍ ആരൊക്കെയോ നില്‍ക്കുന്നു..
വീണ്ടും ഓര്‍മ്മകളുടെ ഒരു തിരയിളക്കം..മനസ്സ് അസ്വസ്ഥമാകുന്നുവോ?
അവള്‍ എന്നോട് ചേര്‍ന്ന് നടന്നു...ഒരു സാന്ത്വനമെന്ന വണ്ണം...
അതാ ആ പ്രതിമ..പുതുതായി എന്തോ കണ്ട്പിടിച്ച ആവേശത്തില്‍ അവള്‍ പറഞ്ഞു..അതെ ഞങ്ങള്‍ അവിടേയ്ക്കെത്തുകയാണ്‌..
ആ പ്രതിമയ്ക്കും പള്ളിയ്ക്കുമിടയില്‍ ധാരാളം സ്ഥലമുണ്ട്...അവിടെയാകട്ടെ കുതിര സവാരിയും മറ്റും നടക്കുന്നു..കുതിരപ്പുറത്തിരിയ്ക്കുന്ന സുഹൃത്തുക്കളുടെ ഫോട്ടോയെടുക്കുന്നു ചിലര്‍...
പള്‍ലിയുടെ മുന്നിലുള്ള റോഡില്‍ കുറേ കുട്ടികള്‍ ക്രിക്കറ്റ് കളിയ്ക്കുന്നുണ്ട്..
അവരും ടൂറിസ്റ്റുകള്‍ തന്നെ...
ഞങ്ങള്‍ പ്രതിമയുടെ ചുവട്ടിലേയ്ക്ക് നടന്നു...
അതിനോടുള്ള അകലം കുറയുംതോറും മനസ് വളരെ വേഗത്തില്‍ പുറകോട്ട് യാത്ര ചെയ്യുന്നു...
മനസ്സിനെ പിടിച്ച് നിര്‍ത്താന്‍ നന്നേ പാട് പെട്ടു..കണ്ണുകളില്‍ ഒരു നനവ് പടര്‍ന്നുവോ?
പ്രതിമയ്ക്ക് പിറകിലെ മുനമ്പിനും കൈവരിയ്ക്കും അഭിമുഖമായി ഞങ്ങള്‍ ഇരുന്നു...
അകലെ വനത്തിന്റെ നിബിഢതയ്ക്ക് അല്പം കുറവ് വന്നിട്ടുണ്ടെന്ന് തോന്നുന്നു..
എന്നാലും എന്തിനെയോ മറച്ച് നില്‍ക്കുന്ന മഞ്ഞ് പഴയ പോലെ തന്നെ...
എന്തിനെയോ ഒളിപ്പിയ്ക്കുന്ന പോലെ...
കഴിഞ്ഞ തവണ ഇവിടെ വരുമ്പോള്‍ പല വര്‍ണ്ണ സ്വപ്നങ്ങളുടെ ചിറകിലായിരുന്നു ഞാന്‍ ..
മിന്നല്‍കൊടിപോലെ ജ്വലിച്ച് നിന്ന നിമിഷങ്ങള്‍...
സ്വര്‍ഗത്തിനും ഭൂമിയ്ക്കുമിടയില്‍ മറ്റൊരത്ഭുത ലോകത്തെത്തിയവണ്ണം എന്നെ തന്നെ മറന്ന നിമിഷങ്ങള്‍...
പക്ഷേ ആ സ്വപ്ങ്ങളെല്ലാം തകര്‍ന്നടിഞ്ഞത് എത്ര പെട്ടെന്നായിരുന്നു...
ഈ മനോഹര പ്രദേശത്ത് വീണടിഞ്ഞത് എന്റെ മോഹങ്ങളെല്ലാമായിരുന്നല്ലോ...

ക്യാമറയുടെ ഫ്ലാഷ് എന്നെ എന്നില്‍ നിന്നും ഉണര്‍ത്തി...
അവളാണ്‌..ഇന്ദിരാ ഗാന്ധിയുടെ പ്രതിമയെയും എന്നെയും ഒപ്പിയെടുക്കുകയാണവള്‍

ഈശ്വരാ ഞാനെന്താണീ കാണുന്നത്.....കൈവരിയില്‍ ചാരി നിന്നു കൊണ്ട് സിംലയുടെ വശ്യതയാര്‍ന്ന ഭാവങ്ങള്‍ പര്‍ത്തുകയാണവള്‍..അതേ ആവേശത്തോടെ..അതേ സ്ഥാനത്ത്....
ഒറ്റക്കുതിപ്പിന്‌ ഞാന്‍ അവളുടെ മുന്നിലെത്തി...ഭ്രാന്തമായ ഒരാവേശത്തില്‍ അവളെ അവിടെ നിന്നും പിടിച്ച് മാറ്റി.........
"എന്ത് പറ്റി.." അവളുടെ തൊണ്ടയില്‍ നിന്നും ശബ്ദം പുറത്ത് വരാന്‍ നന്നേ പാട് പെട്ടു...അവളാകെ പേടിച്ച് വിറങ്ങലിച്ചിരുന്നു...
എന്റെ നെഞ്ചിലെ നെരിപ്പോട് അപ്പോഴും കെട്ടടങ്ങിയിരുന്നില്ല...
കൈ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു...
"നീ..നീ കൂടി പോയാല്‍....."
അവിടെയുണ്ടായിരുന്നവരെല്ലാം ഞങ്ങളെത്തന്‍നെ ശ്രദ്ധിയ്ക്കുകയായിരുന്നു...
ഞാന്‍ അവളെയും കൂട്ടി വീണ്ടും പ്രതിമയ്ക്ക് താഴെ വന്നിരുന്നു....
അവള്‍ വിറങ്ങലിച്ച അതേ ഭാവത്തോടെ എന്നെ നോക്കിയിരുന്നു....
ഞാന്‍ എന്റെ ശ്വാസ ഗതി നിയന്ത്രിയ്ക്കാന്‍ നന്നേ പാട് പെട്ടു...
"നീ ചോദിച്ചിട്ടില്ലേ..ഞാനീ മഞ്ഞിനെയും താഴ്വരയെയും എന്തിനിത്ര ഭയപ്പെടുന്നുവെന്ന്...അവളും...അവളും എന്നെ പകര്‍ത്തുകയായിരുന്നു....ഇതേ പോലെ...ഇതേ കൈ വരിയില്‍ ചാരി നിന്ന്‌...
അവളൊന്നും പറഞ്ഞില്ല..കുറേ നേരം എന്റെ കണ്ണുകളിലേയ്ക്ക് നോക്കിയിരുന്നു...
പിന്നീട് മഞ്ഞ് വീണു കിടക്കുന്ന താഴ്വരയെ അത് വരെ കാണാത്ത് പതര്‍ച്ചയോടെ നോക്കി...
അവിടെ എത്ര നേരം ചെലവിട്ടു എന്നറിയില്ല ..ഒറ്റയിരുപ്പില്‍ മണിക്കൂറുകളോളം.....
സന്ധ്യയ്യടുക്കുന്തോറും ടൂറിസ്റ്റുകള്‍ മടക്ക യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു,അവരവരുടെ കൂടാരങ്ങളിലേയ്ക്ക്....
ഞങ്ങള്‍ അവിടെത്തന്നെയിരുന്നു...പക്ഷികളും അവിടം വിട്ട് കൂടുകള്‍ തേടി യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു......
ഞങ്ങളും അവിടം വിടാന്‍ തയ്യാറെടുത്തു..നടക്കുന്ന വേളയില്‍ ഞാന്‍ തിരിഞ്ഞൊന്നു നോക്കി...മല നിരകളിലെ മഞ്ഞിനെ ഇരുള്‍ വിഴുങ്ങിക്കഴിഞ്ഞിരുന്നു..
.ഞാന്‍ മനസില്‍ മന്ത്രിച്ചു.." സിംലാ...ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു...എന്റെ ജീവനേക്കാളധികം...പക്ഷേ നീ...."
അപ്പോഴേക്കും തണുത്ത കാറ്റ് വീശാന്‍ തുടങ്ങിയിരുന്നു....

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>