Friday, August 21, 2009

നഷ്ടം ജീവിതം...






നഷ്ടം ജീവിതം

മണലുകള്‍ പൂക്കുന്ന നാട്ടിലേക്കന്നു ഞാന്‍
യാത്ര തിരിച്ചതോര്‍മ്മയുണ്ട്
സൂര്യതാപത്തിലെന്‍ ചെറു ചിറകുകള്‍
വാടിത്തളര്‍ന്നതോര്‍മ്മയുണ്ട്
മാംസം കരിയുന്ന ഗന്ധമെന്‍ ചുറ്റിലും
തളം കെട്ടി നിന്നതുമോര്‍മ്മയുണ്ട്
കുത്തിക്കുറിച്ച അക്ഷരക്കൂട്ടത്തിലെന്‍
മിഴിനീര്‍ നനവുകള്‍ പടര്‌ന്നതുമോര്‍മ്മയുണ്ട്,...
............................................

ഓര്‍മ്മയില്ലാത്തതെന്‍ ജീവനില്‍ സൂക്ഷിച്ച
ഞാനെന്ന ചേതോവികാരം
ഓര്‍മ്മയില്ലാത്തതെന്നെ കൊതിപ്പിച്ച
നാടിന്റെ നാഡീ ഞരമ്പുകള്‍
ഓര്‍മ്മയില്ലാത്തതെന്നെ കൊതിപ്പിച്ച
പൂവിന്റെ സ്നിഗ്ധമാം നറുമണം
ഓര്‍മ്മയില്ലാത്തതെന്നെ പൊതിഞ്ഞൊരാ
നിലാവിന്റെയാര്‍ദ്രമാം നീര്‍മുത്തുകള്‍
ഓര്‍മ്മയില്ലാത്തതെന്നെ വളര്‍ത്തിയ
നേരിന്റെ പൊന്‍പുലര്‍‌കാലം
ഓര്‍മ്മയില്ലാത്തതെന്‍ കണ്‍ നനയിച്ച
നഷ്ടപ്പെടലിന്റെ ബാല്യം
ഓര്‍മ്മയില്ലാത്തതെന്നെ വളര്‍ത്തിയ
സ്നേഹത്തിന്‍ മൃദുകര സ്പര്‍ശം
ഓര്‍മ്മയില്ലാത്തതെന്നെക്കുറിച്ചോര്‍ക്കുവാന്‍
വിസ്മൃതിയിലാണ്ടയെന്‍ ജീവിതം
ഓര്‍മ്മയ്ക്കുമൊരോര്‍മ്മ തെറ്റിനുമിടയില്‍
ഇനിയെന്തോര്‍ത്തെടുക്കേണ്ടൂ ഞാന്‍ ...