Tuesday, October 19, 2010

എന്റെ ഓര്‍ക്കുട്ടിലെ മുന്‍‌ജന്മ സുഹൃത്ത്...

അവന്റെ വീട്ടില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ മുതല്‍ അവിടെ കണ്ട ജീവിതങ്ങള്‍ എന്നെ വേട്ടയാടുകയായിരുന്നു..
ഓര്‍ക്കുട്ടിലെ യാദൃശ്ചികമായ ഒരു പരിചയപ്പെടല്‍ നീണ്ട സൗഹൃദത്തിന്റെ തുടക്കമായപ്പോള്‍ പോലും അവന്‍ പറഞ്ഞിരുന്നില്ല, ഇങ്ങനെ കുറെ പശ്ചാത്തലങ്ങള്‍ അവനുണ്ടെന്ന്..
ഏത് വിഷയമെടുത്തിട്ടാലും അതില്‍ തമാശ കണ്ടെത്തുന്ന, അവനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ട്, ജീവിതത്തെ ഇത്ര കളിയായി കാണുന്ന ഒരു വ്യക്തി, ജീവിതത്തില്‍ എപ്പോഴെങ്കിലും നേരിടേണ്ടി വരുന്ന പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍‌ക്ക് മുന്നില്‍ അടി പതറി പോകുമല്ലോ എന്ന്. പരിചയത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ അവന്റെ നീ എന്നുള്ള സംബോധന എനിയ്ക്കല്പ്പം അരോചകമായി തോന്നിയിരുന്നു.പക്ഷേ വളരെ താമസിയാതെ തന്നെ അതവന്റെ സ്നേഹത്തോടെയുള്ള്, ആത്മാര്‍ത്ഥതയോടെയുള്ള വിളിയാണെന്ന് എനിയ്ക്ക് മനസ്സിലായി.
കേരളത്തിന്റെ വടക്കേ അറ്റത്ത് കാസര്‍ഗോട്ട് കിടക്കുന്ന അവന്‌ തെക്കന്‍ ജില്ലകളെ പറ്റി ചോദിച്ചറിയാന്‍ വലിയ താല്പ്പര്യമായിരുന്നു..
ഇവിടുത്തെ ഭൂപ്രകൃതിയെയും ആള്‍ക്കാരെയുമൊക്കെ അവന്‍ താല്പര്യത്തോടെ തിരക്കി.
തിരുവനന്ത പുരത്ത് അവനേതോ ഒരകന്ന ബന്ധു ഉണ്ടത്രെ.
വളരെ കുട്ടിക്കാലത്ത് അവിടെ വന്നിട്ടുണ്ട്..വളരെ മനോഹരമായ ഒരു സ്ഥലമായിരുന്നത്രെ. വീണ്ടും അവിടെ വരണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും പറഞ്ഞാല്‍ ആളെ തിരിച്ചറിയുമോ എന്ന സംശയമായിരുന്നു അവന്‌ .
ഓരോ ദിവസവും ജോലി ചെയ്ത് ക്ഷീണിച്ച് റൂമിലേയ്ക്ക് വരുമ്പോള്‍ വീണ്ടും നെറ്റ് തുറന്ന് കണ്ണിനെ നശിപ്പിയ്ക്കാന്‍ എനിയ്ക്കിഷ്ടമായിരുന്നെങ്കില്‍ പോലും അവനുണ്ടാകുമെന്ന പ്രതീക്ഷ‌യില്‍ ഞാന്‍ വീണ്ടും എന്റെ സിസ്റ്റം ഓണ്‍ ചെയ്യുമായിരുന്നു..
കാരണം അവന്റെ സൗഹൃദം എനിയ്ക്കത്രയ്ക്കിഷ്ടമായിരുന്നു..അത് പോലെ തന്നെ അവന്റെ വാലും തലയുമില്ലാത്ത സംസാരവും.
വലുതും ചെറുതുമായ ചാറ്റുകളിലൂടെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാകുകയായിരുന്നു...
നാട്ടിലേയ്ക്ക് ലീവിന്‌ വരുന്നുണ്ടെന്ന് കേട്ടപ്പോള്‍ അവന്‍ പറഞ്ഞു
"എനിയ്ക്കൊരു സാധനം വേണം"
"എന്ത്?"
"ഒരു സ്പ്രേ"
"ഒരു സ്പ്രേ തരാനായി ഞാന്‍ കേരളത്തിന്റെ ഇങ്ങേ അറ്റത്ത് നിന്നും അങ്ങേ അറ്റത്തേയ്ക്ക് വരാനോ?"
"അതേ..ഒഴിഞ്ഞ പാട്ടയാണെങ്കിലും കുഴപ്പമില്ല,,,നിന്നെ ഇങ്ങോട്ടേയ്ക്കൊന്നു വരുത്താന്‍ വേണ്ടി മാത്രമാ.."
അവന്റെ സ്നേഹത്തോടെയുള്ള നിര്‍ബന്ധത്തിനു മുന്നില്‍ ഞാന്‍ മുട്ട് മടക്കി..
അങ്ങനെയാണ്‌ നാട്ടില്‍ വന്നതിന്റെ അടുത്തയാഴ്ച ഞാന്‍ കാസര്‍ഗോട്ടേയ്ക്ക് പുറപ്പെട്ടത്..ദീര്‍ഘ യാത്രയ്ക്കൊടുവില്‍ ഞാനവിടെ ഇറങ്ങുമ്പോള്‍ അവന്‍ എന്നെ കാത്ത് ബസ് സ്റ്റാന്റില്‍ നില്പ്പുണ്ടായിരുന്നു..
ഓര്‍ക്കുട്ടില്‍ കണ്ടതിനേക്കാളും അല്പം ഇരുണ്ട മുഖം..എന്നെക്കാളും ഒരു വയസ്സിന്‌ മുതിര്‍ന്നവനാണെങ്കിലും കണ്ടാല്‍ ഇളയതാണെന്നേ പറയൂ...
കണ്ട പാടേ ഹസ്തദാനം ചെയ്യാനാഞ്ഞ ശേഷം അവന്‍ എന്നെ കെട്ടിപ്പിടിച്ചു..എന്നെ കണ്ണൂകള്‍ നനഞ്ഞ് പോയി അവന്റെ സ്നേഹത്തിനു മുന്നില്‍..യാത്രയെകുറിച്ചും മറ്റും ചോദിച്ച് കൊണ്ടിരുന്ന അവന്‍ വീടടുക്കുംതോറും നിശ്ശബ്ദനായി വന്നു.
ഞാന്‍ പ്രതീക്ഷിച്ചത് പോലെ ഒരു സമൃദ്ധിയോ ആളനക്കമോ ഇല്ലാത്ത ഒരു വീട്‌...
ഉള്ള സ്ഥലം വൃത്തിയായി സൂക്ഷിച്ചിരിയ്ക്കുന്നു..
ഞാന്‍ കരുതിയിരുന്നത് അവനുമായി ചാറ്റ് ചാറ്റ് ചെയ്യുമ്പോള്‍ അവന്‍ സംസച്ച്ചിരുന്നത് പോലെ എന്നോട് സംസാരിയ്ക്കാനും വിവരങ്ങള്‍ ചോദിച്ചറിയാനും എനിയ്ക്ക് ചുറ്റും ഒരു പാട്‌ പേര്‍ എന്നൊക്കെയായിരുന്നു..എന്നാലിത് ആവശ്യത്തിന്‌ പോലും സംസാരിയ്ക്കാത്ത എന്റെ സുഹൃത്തും ആ നിശ്ശബ്ദതയെ കൂടുതല്‍ മടുപ്പിയ്ക്കുന്ന ഒരു വീടും..
അവന്‍ ആദ്യം കൊണ്ട് പോയത് അകത്തെ ഒരു മുറിയിലേക്കാണ്‌..
"നിനക്കെന്റെ അമ്മയെ കാണണ്ടെ..?"
ഞാന്‍ ചിന്തകളുടെ തോടില്‍ നിന്നും പുറത്തേയ്ക്ക് വന്നു..
ഞങ്ങള്‍ കയറിയ മുറിയില്‍ കട്ടിലില്‍ ക്ഷീണിച്ചവശയഅയി ഒരു സ്ത്രീ...
എഴുന്നേറ്റ് നില്‍ക്കാന്‍ കെല്പ്പില്ലെന്ന് കണ്ടാല്‍ തന്നെ അറിയാം..
ഒരു ചാക്ക് പോലെ കട്ടിത്തുണി വിരിച്ച കട്ടിലില്‍ ജീവിച്ച് മരിയ്ക്കുന്ന ഒരു ജന്മം..
"നീ പറഞ്ഞില്ലേ നീ വരുമ്പോള്‍ നിനക്ക് തിരികെ കൊണ്ട് പോകാനായി അമ്മയെക്കൊണ്ട് അച്ചാര്‍ ഇടീയ്ക്കണമെന്ന്..ഞാന്‍ പറയട്ടെ അമ്മയോട് നിനക്ക് അച്ചാര്‍ ഇട്ട് തരാന്‍.."
ഞാന്‍ മറുപടി പറയാനുള്ള ത്രാണി പോലുമില്ലാതെ സ്തബ്ധനായി നിന്നു പോയി..
അവന്‍ അമ്മയുടെ അടുത്തിരുന്നു..
"ഇതെന്റെ കൂട്ടുകാരനാ..അമ്മേ..അങ്ങ തിരുവനന്തപുരത്തൂന്നാ.."
അവര്‍ എന്നെ സൂക്ഷിച്ച് നോക്കിയപ്പോള്‍ അവരുടെ കണ്ണുകള്‍ കൂടുതല്‍ കുഴിഞ്ഞ് അകത്തേയ്ക്ക് പോയതായി എനിയ്ക്ക് തോന്നി...
അവരുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒലിച്ചിറങ്ങി..
"അമ്മയ്ക്കിപ്പോള്‍ ശരിയ്ക്ക് കണ്ണും കാണില്ല.."
അവനെന്നെ നോക്കി ചിരിച്ചു..
ഞാനപ്പോഴും മറ്റേതോ ലോകത്തിലെന്ന പോലെ നില്‍ക്കുകയായിരുന്നു..
"നീ ഇരി" അവന്‍ അടുത്ത് കണ്ട പ്ലാസ്റ്റിക് വരിഞ്ഞ കസേര ചൂണ്ടിക്കാണിച്ചു..
"അല്ലേല്‍ വേണ്ട..നമുക്ക് പുറത്തേയ്ക്കിരിയ്ക്കാം..അമ്മ കിടന്നോട്ടെ"
അവന്‍ എന്നെയും കൊണ്ട് പുറത്തേക്കിറങ്ങിയതും ഒരു പെണ്‍കുട്ടി അവിടെ പ്രത്യക്ഷപ്പെട്ടു..അതവന്റെ ഭാര്യയായിരുന്നു...
അവരുടെ കല്ല്യാണം കഴിഞ്ഞിട്ട് അധികം നാളായിരുന്നില്ല.. കല്ല്യാണ ഫോട്ടോ എനിയ്ക്കവന്‍ അയച്ച് തന്നിരുന്നു..അതിനാല്‍ അവരെ തിരിച്ചറിയാന്‍ അധികം ബുദ്ധിമുട്ടിയില്ല..
"ഇതാണ്‌ എന്റെ സഹധര്‍‌മ്മിണി ലക്ഷ്മി അന്തര്‍ജനം..."
അന്തര്‍ജനം എന്ന് അവന്‍ കട്ടിയായി പറഞ്ഞതിനും കാരണമുണ്ടായിരുന്നു..
അവന്‍ ഒരു നമ്പൂതിരിക്കുട്ടിയുമായി ഇഷ്ടത്തിലാനെന്നും അവളെയാണു കല്യാണം കഴിയ്ക്കാന്‍ പോകുന്നതെന്നും എന്നോട് പറഞ്ഞിരുന്നു..
"യാത്രയൊക്കെ സുഖമായിരുന്നോ?"
അവര്‍ ചിരിച്ച്കൊണ്ട് ചോദിച്ചു
"അതെ"
"ഞാന്‍ ചായയെടുക്കട്ടെ"
"വേണ്ട അല്പം ചൂട് വെളം തന്നാല്‍ മതി"
എനിയ്ക്ക് അപ്പോള്‍ വെള്ളം അത്യാവശ്യമായിരുന്നു..
അവര്‍ അകത്തേയ്ക്ക് പോയി..
"ഒരു കുഞ്ഞിന്റെ സ്പന്ദനങ്ങള്‍ ഇവിടെ അലയടിയ്ക്കുന്നുണ്ട്.."
അവന്‍ പതിയെ പറഞ്ഞു''
"ശരിയ്ക്കും..?"
"ഹാ.."
"അപ്പോള്‍ എന്റെ വക ആശംസകള്‍.."
"നീ വാ..അവന്‍ എന്നെ അവന്റെ ചെറിയ സ്വീകരണമുറിയിലേക്കാനയിച്ചു"
ഞാന്‍ കസേരയിലിരുന്നതും ജനലിന്റെ അപ്പുറത്ത് ഒരു മിന്നലാട്ടം കണ്ട് തിരിഞ്ഞ് നോക്കി.
ഒരു ചെറുപ്പക്കാരിയായ സ്ത്രീ ജനലിലൂടെ എന്നെത്തന്നെ നോക്കിക്കൊണ്ട് നില്‍ക്കുന്നു...
ഞാന്‍ നോക്കുന്നത് കണ്ടിട്ട് അവനും അവിടേയ്ക്ക് നോക്കി..
"ചേച്ചിയാണത്....." അവിടേയ്ക്ക് തിരിഞ്ഞിട്ട്" ചേച്ചീ ഇതെന്റെ കൂട്ട്കാരനാ"
ഞാന്‍ അവരെ നോക്കി ചിരിച്ച് കൊണ്ടെഴുന്നേറ്റു..
അവരും ചിരിച്ചു...ഒരു വിഢിച്ചിരി..
എന്റെ മുഖത്ത് ചിരി മാഞ്ഞപ്പോഴും അവര്‍ അതേ ചിരിയുമായി നില്‍ക്കുന്നു..അതേ വിഢിച്ചിരി..
ഞാന്‍ തിരിഞ്ഞ് അവനെ നോക്കി..
"ചേച്ചിയ്ക്ല്പം അസുഖമാ.."
ഞാന്‍ പിന്നെയൊന്നും ചോദിച്ചില്ല...
അന്ന് ഞാന്‍ അവിടെയായിരുന്നു തങ്ങിയത്..അവന്റെ ഒരു സ്വകാര്യ മുറിയില്‍..എഴുതാനും വായിയ്ക്കാനും മറ്റുമാണ്‌ അവനാ റൂം ഉപയോഗിയ്ക്കുന്നതെന്ന് പറഞ്ഞു..അവിടെ ഒരു മൂലയില്‍ പഴയ ഒരു കമ്പ്യൂട്ടറും..അതിലൂടെയാണവന്‍ ഈ ലോകത്തോട് സം‌വദിയ്ക്കുന്നത്..
പിറ്റേന്ന് പ്രഭാത ഭക്ഷണം കഴിഞ്ഞിട്ട് ഞാനിറങ്ങുമെന്നും തിരികെ പോകുമ്പോള്‍ അവനും എന്റെയൊപ്പം വരണം എന്നുമുള്ള കണ്ടീഷനിലായിരുന്നു ഞാന്‍ വന്നത്...
പ്രഭാത ഭക്ഷണം കഴിച്ചിട്ട് ഞാന്‍ ചോദിച്ചു " അപ്പോള്‍ നമുക്കിറങ്ങാം.."
അവന്‍ സംശയത്തോടെ നോക്കി..
"ഊണ്‌ കഴിഞ്ഞിട്ട് പോയാല്‍ പോരേ.."
"പോരാ..ഒരുപാടിരുട്ടിയാല്‍ ബസ്സ്റ്റാന്റില്‍ നിന്നും വീട്ടിലേയ്ക്ക് പോകാന്‍ ഓട്ടോ പോലും കിട്ടില്ല..നിങ്ങളെക്കാത്ത് എന്റെ അമ്മ അവിടെയിരുപ്പുണ്ട്..."
അവന്‍ ചിരിച്ചു.." ഞങ്ങള്‍ ഇല്ല..ഞാന്‍ മാത്രം.."
"അതെന്തേ?"
ഇവിടെ ഇവരെ ഇങ്ങനെ ഇട്ടിട്ട് ഞങ്ങള്‍ക്ക് ഒന്നിച്ച് എങ്ങോട്ടും പോകാനാവില്ലല്ലോ?"
ശരിയാണ്‌ ഞാനത് മറന്നു..
അധികം താമസിയാതെ ഞങ്ങള്‍ യാത്രയ്ക്ക് തയ്യാറായി..
അവന്റെ അമ്മയോടും ചേച്ചിയോടും ഭാര്യയോടും യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ സമയം ഏതാണ്ട് പത്ത് മണിയോടടുത്തിരുന്നു..
ഞങ്ങള്‍ അവിടെ നിന്നും യാത്ര തിരിച്ചു,,
ബസ്സിലിരുന്നപ്പോഴും എന്റെ മനസ്സിന്റെ ഘനീഭവിയ്ക്കല്‍ മാറിയിരുന്നില്ല..
"നിന്റെ ഈ യാത്ര ബോറായെന്ന് നിനക്ക് തോന്നുന്നുണ്ടോ?"
ഞാനവനെ നോക്കി..
"ഇതൊക്കെ കാണിയ്ക്കാനല്ല ഞാന്‍ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചത്..നെറ്റിലെ അക്ഷരമായും ശബ്ദമായും സൗഹൃദം അനുഭവിച്ച നമ്മള്‍ അങ്ങനെ അപരിചിതരായ സുഹൃത്തുക്കളായി തുടര്‍ന്നു കൂടാ..അത് കൊണ്ടാണ്‌ നേരില്‍ കാണണമെന്ന് ഞാന്‍ ആവശ്യപ്പെട്ടത്.."
ഞാനപ്പോള്‍ ചിന്തിയ്ക്കുകയായിരുന്നു..ഇവനിത്ര സീരിയസ്സായ ഒരു മനുഷ്യനാണോ?
ഇവനെയാണോ ഞാന്‍ ജീവിതത്തെ സീരിയസ്സായി കാണണമെന്ന് പറഞ്ഞ് ഉപദേശിച്ചിരുന്നത്..
"നീ ഇപ്പോള്‍ എന്നെക്കുറിച്ച് ചിന്തിയ്ക്കുകയായിരിയ്ക്കും അല്ലെ?"
"അതേ....അമ്മയ്ക്കെത്ര നാളായി അസുഖമാണ്‌?"
ഏതാണ്ട് നാലഞ്ച് വര്‍ഷമായി..ഞരമ്പ് തേയ്മാനമായിരുന്നു തുടക്കം..ഇപ്പോള്‍ എണീറ്റിരിയ്ക്കാനാവില്ല......"
"ചേച്ചി....?"
അവന്റെ കണ്ണുകള്‍ ഈറനണിഞ്ഞു...
"ചേച്ചി ഇങ്ങനെ ആയിട്ട് അധികമായിട്ടില്ല..ചേച്ചിയുടെ കല്ല്യാണത്തിന്‌..ശേഷമാണ്‌..അല്ല കല്ല്യാണ ദിവസം..."
ഒട്ടൊന്ന് നിര്‍ത്തിയിട്ട് അവന്‍ തുടര്‍ന്നു,,
"ചേച്ചിയ്ക്ക് മറ്റൊരാളുമായിടുപ്പമുണ്ടായിരുന്നു..അതില്‍ നിന്നും ചേച്ചിയെ പിന്തിരിപ്പിയ്ക്കാന്‍ ഒരു പാട് ശ്രമിച്ചു...ചേച്ചിയുടെ എതിര്‍പ്പ് വക വയ്ക്കാതെ.... മറ്റൊരു കല്ല്യാണത്തിനുറപ്പിയ്ക്കുകയായിരുന്നു..."

"ഓഹ്..അതിന്റെ ഷോക്ക്?"

"അല്ല....കല്ല്യാണം നടന്നു...കല്ല്യാണ ദിവസം രാത്രിയില്‍...ചേച്ചി ഭര്‍ത്താവിനോട് പറഞ്ഞു... മറ്റൊരാളെ ഇഷ്ടമാണെന്ന്.....പക്ഷേ,,, അത്...സഹിയ്ക്കുവാനുള്ള കരുത്ത് ആ സാധു മനുഷ്യനുണ്ടായിരുന്നില്ല...അന്ന് രാത്രി വീട് വിട്ടിറങ്ങിയ ആള്‍ പിറ്റേന്ന് രാവിലെ നോക്കുമ്പോള്‍ മുറ്റത്തുള്ള മാവില്‍................അതിന്‌ ശേഷം ചേച്ചിയുമിങ്ങനെ......."
അവന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി...കണ്ണുകള്‍ നിറഞ്ഞൊഴുകി...അവന്‍ കൈകളില്‍ മുഖമമര്‍ത്തി കുനിഞ്ഞിരുന്നു...
ഞാനാനെങ്കില്‍ എന്തു ചെയ്യനമെന്നറിയാതെ അവന്റെ തോളില്‍ കയ്യിട്ട് അവനെ എന്നിലേയ്ക്കടുപ്പിച്ചു...
കുറേ നേരത്തേക്ക് വീണ്ടും മൗനം..
"ഇപ്പോള്‍ എന്റെ ദുഖങ്ങള്‍ പങ്ക് വയ്ക്കാനായി ഒരാള്‍ കൂടി.."
"കഥകള്‍ എല്ലാം അറിഞ്ഞ് തന്നെയാണോ?"
"രണ്ട് പേര്‍ം രണ്ട് പേരുടെയും കഥകള്‍ എല്ലാം അറിഞ്ഞ് തന്നെയായിരുന്നു.."
"എന്ന് വച്ചാല്‍?"
"അവ്ല്ക്കിപ്പോള്‍ ഞങ്ങളല്ലാതെ വേറെയാരുമില്ല..അച്ഛന്‍ വളരെ നേരത്തെ മരിച്ചിരുന്നു,...അമ്മ ഒരു ബസ്സപകടത്തില്‍ ..അധികം കാലമായിട്ടില്ല.."
"ദുരന്തങ്ങള്‍ മാത്രമുള്ള ഒരു ലോകത്താണല്ലോ നീ....ഇതൊന്നും നീ എന്നോട് പറഞ്ഞിട്ടില്ലല്ലോ...ബലിശമായ ഒരു പ്രേമത്തിലേക്ക് എടുത്ത് ചാടിയ...കുട്ടിക്കളി മാറിയിട്ടില്ലാത്ത ഒരു സുഹൃത്തെനായിരുന്നു ഞാന്‍ നിന്നെ കരുതിയിരുന്നത്...പക്ഷേ നീ.."
"ഇനി എന്തൊക്കെ സംഭവിച്ചാലും എനിയ്ക്കതിനെ ഒക്കെ ഒരു കുട്ടിക്കളിയായിട്ടല്ലേ കാണാന്‍ പറ്റൂ..."
ശരിയാണ്‌...ഒരു ജന്മത്തില്‍ അനുഭവിയ്ക്കാവുന്നതിലധികം പരീക്ഷണങ്ങളിലൂടെ അവന്‍ കടന്ന് പോയിരിയ്ക്കുന്നു...
പിന്നെ വീടെത്തുന്നത് വരെയും ഞങ്ങള്‍ അവന്റെ കാര്യങ്ങള്‍ സംസാരിച്ചില്ല..
എന്റെ വീട്ടിലെത്തിയ അവന്‍ സ്വന്തം വീടെന്ന പോലെ സ്നേഹത്തോടെയും സ്വാതന്ത്ര്യത്തോടെയും പെരുമാറി..ഞാന്‍ മുന്‍പേ പറഞ്ഞ് വീട്ടിലെല്ലാവര്‍ക്കും അവനെ നല്ല പരിചയമായിരുന്നു...
രാത്രിയില്‍ എന്നോടൊപ്പം ഒരു മുറിയിലാണവന്‍ കിടന്നുറങ്ങിയത്..
ഇവനെ ഓര്‍ക്കുട്ടിലൂടെയല്ല മുന്‍‌ജന്മത്തിലെവിടെയോ വച്ച് എനിയ്ക്ക് പരിചയമുണ്ടെന്ന് തോന്നിപ്പോയി..
ബ്രേക്ഫാസ്റ്റ് കഴിച്ച് കൊണ്ടിരുന്നപ്പോള്‍ അവന്‍ ചോദിച്ചു.."എന്റെ ഒരു ബന്ധുവില്ലേ നമുക്കവിടം വരെയൊന്ന് പോയാലോ?"
"നിനക്ക് സ്ഥലമറിയുമോ?"
"സ്ഥലപ്പേരും, ആളിന്റെ പേരും ഉദ്യോഗവുമറിയാം...നമുക്ക് ചോദിച്ച് ചോദിച്ച് പോകാം..എന്താ?"
ഞാന്‍ സമ്മതിച്ചു..അവന്‍ പറഞ്ഞ സ്ഥലം നഗരത്തില്‍ നിന്നും കുറച്ചകലെയുള്ള ഒരു വില്ലേജ് ആണ്‌..
ഞങ്ങള്‍ യാത്ര തുടങ്ങി...ആ സ്ഥലത്ത് ബസ്സ് വന്നിറങ്ങി ആളെ ചോദിച്ചപ്പോള്‍ തന്നെ എല്ലാവര്‍ക്കുമറിയാം..വീട്ടിലേക്കുള്ള വഴി എളുപ്പത്തില്‍ കിട്ടി..
ഒരാള്‍ വീട് കാണിച്ചുതന്നു..
"ഈ വീട് നിന്റെ പഴയ ഓരമ്മയിലുണ്ടോ?"
"ഇല്ല"
"ഒട്ടും ഓര്‍മ്മയില്ല....."
"ഇല്ല...ഞാനീ സ്ഥലത്ത് ആദ്യമായാണ്‌ വരുന്നത്...."
"പക്ഷേ നീ....."
അപ്പോഴേക്കും അവന്‍ കാളിംഗ് ബെല്ലില്‍ വിരലമര്‍ത്തിയിരുന്നു...
വാതിലെ മെല്ലെ തുറക്കപ്പെട്ടു..ഒരു പെണ്‍‌കുട്ടിയാണ്‌ വാതില്‍ തുറന്നത്.."
ഇരു നിറത്തിലുള്ള ഒരു കുട്ടി..ഏതാണ്ട് പതിനാറ്‌ വയസ്സോളം പ്രായം വരും....


"ആരാ.."
"ശിവാനന്ദന്‍ എന്ന.."
പറഞ്ഞ് തീരുന്നതിന്‌ മുന്‍പേ അച്ഛാ എന്ന് വിളിച്ചു കൊണ്ട് അവള്‍ അകത്തേയ്ക്ക് പോയി...
അവന്റെ മുഖം വീണ്ടും വലിഞ്ഞ് മുറുകുന്നു...മുഖത്തെ ചിരി നിശ്ശേഷം മാറിയിരുന്നു...
അകത്ത് നിന്നും ഏതാണ്ട് അറുപതിനോടടുത്ത് പ്രായമുള്ള ഒരാള്‍ പതിയെ പുറത്തേക്ക് വന്നു..
"ആരാ..."അയാള്‍ ചോദിച്ചു..
അവന്‍ അയാളുടെ മുന്നിലേക്ക് കയറി നിന്നു..എന്നിട്ട്വളരെ ഉച്ചത്തില്‍ പറഞ്ഞു.."താനൊന്ന് സൂക്ഷിച്ച് നോക്ക് എന്നിട്ട് പറ ഞാനാരാണെന്ന്...അവന്റെ ഈ ഭാവമാറ്റം ഞാന്‍ ഒട്ടും പ്രതീക്ഷിക്കാഞ്ഞതായിരുന്നു..എന്നോടൊപ്പം അയാളും ഞെട്ടിത്തരിച്ച് നില്‍ക്കുന്നു..അയാള്‍ അമ്പരപ്പോടെ ഞങ്ങളെ മാറി മാറി നോക്കി..
അവന്റെ ശബ്ദം കേട്ട് ആ പെണ്‍കുട്ടി അവിടേയ്ക്ക് ഓടിയെത്തി...
അവന്റെ മുഖം കൂടുതല്‍ ക്രുദ്ധമായി..
"തനിയ്ക്കെന്നെ അറിയില്ല അല്ലേഡോ..തനിയ്ക്ക് കാസര്‍ഗോട് സിവില്‍ സ്റ്റേഷന്‍ അറിയുമോ? എന്റെ അമ്മയെ അറിയുമോ?"
സംസാരിയ്ക്കുംതോറൂം അവന്റെ കിതപ്പ് കൂടി വന്നു..അയാളാകട്ടെ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്‌...ചുണ്ടുകള്‍ വിറയ്ക്കുന്നു...അകത്ത് നിന്നും ഒരു സ്ത്രീയും അവിടേയ്ക്കോടി വന്നു...
ഇവനെന്താണീ കാണീയ്ക്കുന്നതെന്ന അമ്പരപ്പോടെ ഞാന്‍ ചുറ്റിനും നോക്കി..
പുറത്തായി പലരും ഞങ്ങളെ വീക്ഷിച്ച് കൊണ്ട് നില്‍ക്കുന്നുണ്ട്..ചിലര്‍ അവിടേയ്ക്ക് കയറി വരുന്നു..
ഞാന്‍ ശാരിയ്ക്കും പരുങ്ങലിലായി..
"ആരാടാ നീ" വന്നവരിലൊരാള്‍ പരുഷമായിത്തന്നെ ചോദിച്ചു..
"അതിയാള്‍ക്കറിയാം..പറയില്ല..നാറിയാണിവന്‍..." ഗൃഹ നാഥനു നേരെ തിരി‍ഞ്ഞിട്ട് "തന്നെ ഒന്നു കാണണമെന്ന്..പറയാനുള്ളത് തന്റെ മുഖത്ത് നോക്കി പറഞ്ഞ് തീര്‍ക്കണമെന്ന് തന്നെ ഇത്ര കാലം കരുതിയിരുന്നതാണെടോ.." അവന്റെ കണങ്കള്‍ കൂടുതല്‍ രൂക്ഷമായി..
അയാളാകട്ടെ ആ നില്പ്പില്‍ തന്നെ മരിച്ചെന്ന വണ്ണം നില്‍ക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല...
ഒട്ടൊന്ന് കഴിഞ്ഞ് സ്ഥലകഅല ബോധം വീണ്ടെടുത്തവനെ പോലെ അപമാന ഭാരത്താല്‍ ചുറ്റും നോക്കിയിട്ട് അകത്തേയ്ക്ക് പോകാന്‍ തുടങ്ങി...
അവന്‍ അയാളുടെ കയ്യില്‍ ബലമായി കടന്നു പിടിച്ചു...
അയാള്‍ കുതറിമാറാന്‍ ശ്രമിയ്ക്കുന്നതിനിടയില്‍ ഞാന്‍ അവനെ ബലമായി പിടിച്ച് പിന്നിലേയ്ക്ക് വലിച്ചു...
ഇതിനിടയില്‍ പുറത്ത് നിന്നും വന്നയാള്‍ അവനെ ഷര്‍ട്ടിനു പിടിച്ച് പുറത്തേക്ക് തള്ളി...
കൂടുതല്‍ ആക്രമണം ഉണ്ടാകുന്നതിന്‌ മുന്‍പ് ഞാന്‍ അവനെയും തള്ളിക്കൊണ്ട് പുറത്ത് വഴിയിലെത്തിയിരുന്നു..
അവന്‍ പിന്നെ തിരിഞ്ഞ് നോക്കിയതേയില്ല..
ഞാന്‍ ഇടയ്ക്കൊന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ ആ വീട്ടില്‍ ഒരു ചെറിയ ആള്‍ക്കൂട്ടം രൂപപ്പെട്ട് കഴിഞ്ഞിരുന്നു..ഞങ്ങള്‍ പോകുന്നതും നോക്കി നിങ്ക്കുന്നു ചിലര്‍..
ബസ്സ്റ്റാന്റിലേയ്ക്ക് ഒരു ഓട്ടോ പിടിച്ചാണ്‌ പോയത്..
യാത്രയിലവന്‍ സംസാരിച്ചതയില്ല..
അവസാനം ഞാന്‍ തന്നെ മൗനം ഭഞ്ജ്ജിച്ചു..
"നീയെന്താണീ കാട്ടിയത്...?ആരാണയാള്‍..? നമ്മള്‍ അവിടെത്തന്നെ നിന്നിരുന്നെങ്കില്‍ എന്ത് സംഭവിയ്ക്കുമായിരുന്നു എന്ന് നിനക്കറിയുമോ?"
അവനൊന്നും മിണ്ടിയില്ല..
"ആരാണയാള്‍?" ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു
"എന്റെ അച്ഛന്‍..."
അവന്റെ കൂടെ ഉണ്ടായിരുന്നപ്പോഴെല്ലാം ഞെട്ടാന്‍ മാത്രമായിരുന്നു എന്റെ നിയോഗം...
"എന്റെ അച്ചനാണയാള്‍......വര്ഷങ്ങള്‍ക്ക് മുന്‍പ് കാസര്‍ഗോട്ട് ഒരു സര്‍ക്കാരുദ്യോഗസ്ഥനായി വന്നയാള്‍...അമ്മയെ കല്ല്യാണം കഴിച്ച് രണ്ടാമതായി ഞാന്‍ ജനിച്ചപ്പോള്‍ അയാളിവിടേയ്ക്ക് സ്ഥലം മാറ്റം കിട്ടി വന്നു..ഞങ്ങള്‍ അവിടെത്തന്നെയായിരുന്നു..വളരെക്കാലം..ആദ്യമാദ്യം കത്തുകളൊക്കെ വരുമായിരുന്നു...പിന്നെ ഒരു ബന്ധവുമില്ലാതെ....അന്വേഷിച്ചപ്പോഴാണറിയുന്നത് അയാളിവിടെ മറ്റൊരു കല്ല്യാണം കഴിച്ചിരിയ്ക്കുന്നു എന്ന്...പിന്നെ...ഞങ്ങള്‍ എല്ലാം മറക്കുവാന്‍ ശ്രമിയ്ക്കുകയായിരുന്നു.....പക്ഷേ ഞാന്‍ ആറാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ അയാള്‍ വീണ്ടുമെത്തി..ലോഹ്യത്തില്‍ തെറ്റുകുറ്റങ്ങളേറ്റ് പറഞ്ഞ് അയാള്‍ വീണ്ടും വീട്ടില്‍ കയറിപ്പറ്റി..
കുറെ മാസങ്ങള്‍ക്ക് ശേഷം വീണ്ടും ആരോടും ഒന്നും പറയാതെ.....
ഞങ്ങളയാളെ പിന്നീടന്വേഷിച്ചില്ല....അന്നണാദ്യം എന്റെ അമ്മ രോഗ ശയ്യയിലാകുന്നത്..............പിന്നീടിങ്ങോട്ട് ഓരോരോ രോഗങ്ങളുമായി അമ്മ കിടക്കയില്‍ തന്നെ.....ആശകള്‍ നശിച്ച് കണ്ണുനീര്‍ വറ്റാതെ....."
അവന്റെ മുഖം വിളറി വെളുത്തിരുന്നു...പല്ലു ഞെരിയ്ക്കുന്നുണ്ടായിരുന്നു...
സ്വന്തം അച്ഛനോടുള്ള പക....
ഞങ്ങള്‍ തമ്മില്‍ പിന്നെ വീടെത്തുന്നത് വരെയും കാര്യമായൊന്നും സംസാരിച്ചില്ല...
ഞാനാണെങ്കില്‍ ചില ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താനുള്ള വിഫലമായ ശ്രമത്തിലായിരുന്നു....
കാസര്‍ഗോട്ടേയ്ക്ക് തിരിച്ച് പോകാന്‍ വണ്ടിയില്‍ കയറുന്നതിനിടയില്‍ അവന്‍ ചോദിച്ചു; " അവിടെ ആ വീട്ടില്‍ നമ്മള്‍ കണ്ടത്...എന്റെ പെങ്ങളെയാണല്ലേ..എന്റെ ഏക അനിയത്തി............."
അവന്‍ കണ്ണുകള്‍ തുടച്ചു.., ...ഞാനും......
.....................................................................................................................

14 comments:

അജേഷ് ചന്ദ്രന്‍ ബി സി said...

വെറുമൊരു കഥയല്ലിത് ..
എന്നാലൊരല്പം കാല്പനികതയും ഉണ്ട് ..

Muralee Mukundan , ബിലാത്തിപട്ടണം said...

യഥാർത്ഥകാര്യങ്ങൾ മനസ്സിന്റെ അടിതട്ടിൽ നിന്നും വരും....
എല്ലാനൊമ്പരങ്ങളും ഇതിലൂടെ തൊട്ടറിയാൻ സാധിച്ചത് തന്നെയാണ് ഈ കഥയുടെ വിജയവും !

അജേഷ് ചന്ദ്രന്‍ ബി സി said...

നന്ദി മുരളിയേട്ടാ..എന്റെ കഥയിലേക്കു വന്നതിന്‌..
ഇനിയും ക്ഷണിയ്ക്കുന്നു..

പട്ടേപ്പാടം റാംജി said...

അനുഭവാവതരണം പോലെ ലളിതമായി അവതരിപ്പിച്ച നല്ല കഥ. ഒരുക്കൂട്ടിലൂടെ പരിചയപ്പെട്ട് കേരളത്തിന്റെ രണ്ടറ്റത്ത് കഴിയുന്നെങ്കിലും ഒരുമിച്ച് കാണുന്നതും സ്നേഹം പങ്കുവെക്കുന്നതുമെല്ലാം നന്നാക്കിയിരിക്കുന്നു. ഇത്തരം അവസ്ത ആണ്‌ അവിടത്തെതെന്നു വായിച്ചു വരുമ്പോള്‍ തന്നെ മനസ്സിലാകുന്നുണ്ട്. അച്ഛനെ കാണുന്നതും പ്രതികരിക്കുന്നതും കൊള്ളാം.
ആശംസകള്‍.

അജേഷ് ചന്ദ്രന്‍ ബി സി said...

റാംജിയേട്ടാ..നന്ദി ..എന്നിലേക്ക് വന്നതിന്‌...

നൗഷാദ് അകമ്പാടം said...
This comment has been removed by the author.
നൗഷാദ് അകമ്പാടം said...

പ്രിയ സുഹൃത്ത് അജേഷ്,

എന്റെ ബ്ലോഗ്ഗിലേക്കുള്ള താങ്കളുടെ സന്ദര്‍ശനത്തിനും കമന്റിനും
ഒരു പാടു നന്ദി..
താങ്കളുടെ ബ്ലോഗ്ഗ് ഒന്നു നോക്കി..ഡ്യൂട്ടിയിലായതിനാല്‍ വായിക്കാന്‍ സമയം കിട്ടിയിട്ടില്ല..
തിരികെയെത്താം..അഭിപ്രായം അറിയിക്കാം.

സ്നേഹാദരങ്ങളോടെ,
നൗഷാദ് അകമ്പാടം.

ഐക്കരപ്പടിയന്‍ said...

അജേഷ്, താങ്കളുടെ സുഹൃത്ത് മനസ്സില്‍ നിന്നും മാഞ്ഞു പോവുന്നില്ല..അത്തരം ഒരു പാട് പേര്‍ നമുക്കിടയില്‍ വേഷ പ്രച്ചന്നരായി കഴിയുന്നുണ്ട്. അവരിലേക്കിറങ്ങി ചെല്ലാന്‍, സ്വാന്തനത്തിന്റെ ഒരു വാക്ക് പറയാന്‍, ഒന്ന് തോളില്‍ തട്ടി ആശ്വസിപ്പിക്കാന്‍ ഒരാളുണ്ടാവുക വലിയ കാര്യമാണ്.
താങ്കളുടെ കഥനം നന്നായി..തുടര്‍ന്നും എഴുതുക..എന്‍റെ ബ്ലോഗില്‍ എത്തിയതിനും നന്ദി..ആശംസകള്‍ !

Anonymous said...

അജേഷേ,
അതിമനോഹരം... നല്ല ഐഡിയ...നല്ല വിവരണം....
പക്ഷെ നീളം അല്‍പം കൂടിയോ എന്നൊരു സംശയം...
ചെറുകഥയുടെ വലിപ്പക്കുറവല്ലേ അതിന്‍റെ ഭംഗി ?
--

അജേഷ് ചന്ദ്രന്‍ ബി സി said...

ശരിയാണ്‌ അനോണീ ..
അല്പം നീളം കൂടിപ്പോയി ..
ആദ്യ എഴുത്തില്‍ നിന്നും കുറെയൊക്കെ ഒഴിവാക്കിയിരുന്നു ..
എങ്കിലും പലതും ഒഴിവാക്കാന്‍ കഴിഞ്ഞില്ല എന്നതാണ്‌ സത്യം ...
നന്ദി വന്നതിനും വായിച്ചതിനും ...

Unknown said...

ഫേസ്ബുക്ക്‌ മടുത്ത്‌ ബ്ലോഗ്‌ വായിക്കാനിറങ്ങിയപ്പൊൾ കഥകളുടെ അനന്തസമുദ്രം.
.
ഹോ.എന്റെ എത്ര വർഷങ്ങൾ വായനയില്ലാതെ കടന്നു പോയി..

കഥ വായിച്ചു.നന്നായിട്ടുണ്ട്‌.

അജേഷ് ചന്ദ്രന്‍ ബി സി said...

നന്ദി സുധി.. ഈ ബ്ലോഗിനെപ്പറ്റിത്തന്നെ ഞാന്‍ മറന്നു പോയിരിയ്ക്കുന്നു.

Anonymous said...

കഥ വായിച്ചു .. അനുഭവ കുറിപ്പ് പോലെ സിമ്പിൾ ആയി പറഞ്ഞ ഒരു നല്ല കഥ...നീളം ഒരിച്ചിരി കൂടി പോയെന്നു തോന്നി .. ഇഷ്ടപ്പെട്ടു.... ആശംസകൾ ..

YASMINE

HOPE YOUR ARE STILL CONTINUING THE WRITING..

നിഷാദ് said...

നന്നായിട്ടുണ്ട്..വായിച്ചപ്പ്പോള്‍ വൈകിപ്പോയി...'