Monday, June 25, 2007

പക്ഷേ...

പക്ഷേ... 
അങ്ങു വയലിന്റെയോരത്ത് നില്‍ക്കുന്ന മാവിന്‍ ചുവട്ടിലായൊന്നിരിക്കാം.
അമ്മാവിന്‍ നറും തണല്‍ പറ്റിയിടക്കിടക്കൊന്നു കണ്ണടക്കാം..
 വെണ്‍തൂവല്‍ ചിറകേറി പറന്നു പറന്നങ്ങനെ യെന്‍ സുന്ദരിക്കായൊരു കിനാവൊരുക്കാം.. വയലില്‍ കതിര്‍കുല കൊത്തിപ്പറക്കുമാ മാടത്തയോടൊന്നു കിന്നരിക്കാം..
 മഞ്ഞക്കതിരിലീ സായാഹ്ന സൂര്യന്റെ ചുംബനമൊട്ടു കണ്ടാസ്വദിക്കാം.. 
തണ്ണീര്‍ തടത്തിലായ് മാനത്തു കണ്ണിതന്‍ നീന്തിത്തുടിപ്പില്‍ മതിമറക്കാം.. 
പണ്ടു ഞാനേറേ കൊതിച്ചൊരാമ്മാമ്പഴം ഉച്ചതിലേറിക്കരസ്തമാക്കാം.. 
വയലിന്റെ മാറിലായക്കാണും കുളത്തിന്റെ കല്പ്പടവുകള്‍ വീണ്ടും സ്വന്തമാക്കാം..
തപസില്‍ കിടക്കുമാ ജലകന്യയെയൊരു കല്ലാലലകള്‍ തന്‍ ചിറകിലേറ്റാം.. 
ഒരു വേളയവളിലേക്കാണിറങ്ങിയാ കുളിരാഴിയെന്‍ പുതപ്പാക്കി മാറ്റാം.. 
മാമഴ വില്ലിനെ കണ്ടു കണ്ടങ്ങനെയോരോ ദിനങ്ങളും സ്വര്‍ഗമാക്കാം.. 
ഇനിയുമേറെ കരുതി വെച്ചിരിക്കുന്നു ഞാന്‍ പക്ഷെ..... 
നാളേറേ വേണമതെനിക്കു കിട്ടാന്‍.... നാളേറേ വേണമീ മണല്‍ക്കാട്ടില്‍ നിന്നുമെന്‍ സുഗൃഹത്തിലേക്കുള്ള ലീവു കിട്ടാന്‍. 
കാക്കാം ദിനങ്ങള്‍.
മാസങ്ങളങ്ങനെ കാക്കാം 
ഞാനെന്റെ വീട്ടിലെത്താന്‍.... 
 അജേഷ് ചന്ദ്രന്‍ ബി സി

No comments: